ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും വമ്പൻ പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച താരമാണ് സായ് സുദർശൻ. പതിനെട്ടാം സീസൺ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി നടത്തിയ മിന്നും പ്രകടനങ്ങൾ താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.
ഈ മാസം തുടങ്ങുന്ന ഇന്ത്യ – ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിൽ സായ് സുദർശൻ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ പ്രചോദിപ്പിച്ചിട്ടുള്ള താരം ആരാണെന്ന് തുറന്ന് പറയുകയാണ് സായ്. ഗുജറാത്ത് ടൈറ്റൻസിലെയും തമിഴ്നാട് ടീമിലെയും സഹതാരമായ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറാണ് തന്നെ പ്രചോദിപ്പിച്ചിട്ടുള്ളതെന്ന് ഇടം കൈയ്യൻ ബാറ്റർ പറഞ്ഞു.
തനിക്ക് സുന്ദറിനോട് വളരെയധികം ആരാധന തോന്നിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കരിയറിലുണ്ടായ വളർച്ച തന്നെ ശരിക്കും ആകർഷിച്ചുവെന്നും തമിഴ്നാട് താരം കൂട്ടിച്ചേർത്തു. ബി.സി.സി.ഐ പുറത്തുവിട്ട ഒരു വീഡിയോയിൽ സംസാരിക്കുകയായിരുന്നു സായ് സുദർശൻ.
‘ചെറുപ്പം മുതലേ എന്നെ പ്രചോദിപ്പിച്ചിട്ടുള്ള താരമാണ് വാഷിങ്ടൺ സുന്ദർ. ഞാൻ അദ്ദേഹത്തിനെതിരെ കുറച്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അത് എപ്പോഴും വളരെ സ്പെഷ്യലാണ്.
സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തോട് വളരെയധികം ആരാധന തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലുണ്ടായ വളർച്ച എന്നെ ശരിക്കും ആകർഷിച്ചു. ഐ.പി.എല്ലിൽ കുറച്ച് നല്ല പ്രകടനങ്ങൾ നടത്തി അദ്ദേഹം പിന്നീട് രാജ്യത്തിനായി കളിച്ചു,’ സുദർശൻ പറഞ്ഞു.
ഒരേ നാട്ടുകാരാണെന്നതും കൂടെ കളിച്ചിട്ടുണ്ടെന്നതും തനിക്ക് വലിയ പ്രചോദനം നൽകിയെന്നും സായ് പറഞ്ഞു. സുന്ദറിന്റെ വളർച്ച കണ്ടപ്പോൾ തനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.
‘ചെന്നൈയിൽ നിന്നുള്ള എനിക്ക് അത് വലിയൊരു പ്രചോദനമായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നതും അദ്ദേഹത്തോടൊപ്പം കളിച്ചുവെന്നതും അതിന് കാരണമായി. അദ്ദേഹത്തിന്റെ വളർച്ച കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നി,’ സുദർശൻ പറഞ്ഞു.
സായ് സുദർശനും വാഷിങ്ടൺ സുന്ദറും ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ടീമിലും ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനും വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പമാണ്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുന്നത്.
Content Highlight: Sai Sudarshan reveals that he has inspired from Washington Sundar