| Monday, 4th May 2026, 2:01 pm

കുതിപ്പ് തുടര്‍ന്ന് ഗുജറാത്തിന്റെ സുദര്‍ശനചക്രം; സ്വന്തം ക്യാപ്റ്റന്‍ വാഴുന്ന നേട്ടത്തില്‍ ഇനി ഇവനും!

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് ടീം മുട്ടുകുത്തിച്ചത്. നാല് വിക്കറ്റിന് വിജയിച്ച് ടൈറ്റന്‍സ് സീസണിലെ ആറാം വിജയവും സ്വന്തമാക്കി.

മത്സരത്തില്‍ സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരിന്നു. 41 പന്തുകള്‍ നേരിട്ട ഓപ്പണര്‍ സ്‌കോര്‍ ചെയ്തത് 57 റണ്‍സാണ്. ഈ ഇന്നിങ്‌സിനിടെ ഒരു സിക്സും അഞ്ച് ഫോറും താരം അതിര്‍ത്തി കടത്തി. 139.02 സ്‌ട്രൈക്ക് റേറ്റിലാണ് 24കാരന്‍ ബാറ്റേന്തിയത്.

സായ് സുദര്‍ശന്‍. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സായ് സ്വന്തം പേരില്‍ കുറിച്ചു. 25 വയസിന് മുമ്പ് ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഗുജറാത്ത് ഓപ്പണര്‍ സ്വന്തമാക്കിയത്. 18 തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് താരത്തിന്റെ ഈ നേട്ടം.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്തിനെ മറികടന്നാണ് സുദര്ശന്റെ മുന്നേറ്റം. പന്ത് 16 തവണയാണ് പന്ത് ഐ.പി.എല്ലില്‍ 25 വയസ് തികയുന്നത് മുമ്പേ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

25 വയസ് തികയുന്നതിന് മുമ്പ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടിയ താരങ്ങള്‍, എണ്ണം

ശുഭ്മന്‍ ഗില്‍ – 24

യശസ്വി ജെയ്സ്വാള്‍ – 20

സായ് സുദര്‍ശന്‍ – 18

റിഷബ് പന്ത് – 16

ഇഷാന്‍ കിഷന്‍ – 15

സായ് ഈ സീസണില്‍ തന്റെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. പത്ത് മത്സരങ്ങളില്‍ കളിച്ച താരം ഇതുവരെ 385 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കമാണ് ഗുജറാത്ത് ഓപ്പണര്‍ ഇത്രയും റണ്‍സ് കണ്ടെത്തിയത്.

ഗുജറാത്ത് ടൈറ്റൻസ്. Photo: iplt20.com/

അതേസമയം, മെയ് ഒമ്പതിനാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് ഈ മത്സരത്തിലെ എതിരാളികള്‍. ആര്‍.ആറിന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദിയാവുക.

Content Highlight: Sai Sudarshan is third batter in most 50+ runs in IPL before 25 years

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more