| Friday, 30th October 2026, 9:03 pm

ഈ പെര്‍ഫോമന്‍സിന് അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ നാഷണല്‍ അവാര്‍ഡിന് വിലയുണ്ടാകില്ല; തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും കണ്ണ് നിറച്ച ശബരിയുടെ കുറ്റസമ്മതം

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് ബത്ത. വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രം പലരുടെയും കണ്ണും മനസും നിറച്ചു. തിയേറ്ററില്‍ വേണ്ടത്ര വിജയം നേടാനായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം സിനിമാപേജുകളില്‍ ചര്‍ച്ചയായി.

ബത്ത എന്ന റൗഡിയുടെ ജീവിതത്തിലേക്ക് ശബരി എന്ന ബാലന്‍ കടന്നുവരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. വിജയ് സേതുപതിക്കൊപ്പം ചിത്രം കണ്ടവരുടെ മനസ് നിറച്ച കഥാപാത്രമാണ് ശബരി. പുതുമുഖമായ സായ് പൃഥ്വിരാജാണ് ശബരിയായി വേഷമിട്ടത്. ആദ്യചിത്രത്തിന്റെ യാതൊരു പരിഭ്രമവുമില്ലാതെ ഗംഭീര പ്രകടനമാണ് സായ് കാഴ്ചവെച്ചത്.

ചിത്രത്തിലെ ഒരു പ്രത്യേക സീന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബത്തയോട് ശബരി കുറ്റസമ്മതം നടത്തുന്ന സീനാണ് വൈറലായത്. ചെയ്ത തെറ്റിന്റെ കുറ്റബോധത്തിനൊപ്പം ബത്തയോടുള്ള ഭയവും ശബരിയുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിലെടുത്ത ഷോട്ടില്‍ സായ് ഞെട്ടിച്ചെന്നാണ് പലരുടെയും കമന്റുകള്‍.

‘നിങ്ങളെ മനപൂര്‍വം പൂട്ടിയിട്ടതല്ല, അറിയാതെ പറ്റിയതാണ്. തുറക്കണമെന്ന് വിചാരിച്ച് അടുത്ത് വന്നപ്പോഴാണ് അകത്തുള്ളത് അണ്ണനാണെന്ന് അറിഞ്ഞത്. ‘പുറത്തുവന്നാല്‍ കൊല്ലും’ എന്ന് പറഞ്ഞപ്പോള്‍ പേടിയായി. എന്റെ കൈയില്‍ പൊറാ (റസ്‌ക്) വാങ്ങാനുള്ള പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ എന്ന് ശബരി പറഞ്ഞ് തീര്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണും നിറയും.

ശബരിയുടെ കുറ്റസമ്മതം കേട്ട് ബത്ത അവനെ ചേര്‍ത്ത് പിടിക്കുന്ന സീന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാ മൊമന്റെന്ന് ഈയൊരു സീനിനെ വിശേഷിപ്പിക്കാം. ഫീല്‍ ഗുഡ് സിനിമകള്‍ വല്ലപ്പോഴും മാത്രമേ തമിഴില്‍ സംഭവിക്കാറുള്ളൂവെന്നും അതിലൊന്നാണ് ബത്തയെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

അടുത്ത ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സായ് പൃഥ്വിരാജിന്റെ പേരുമുണ്ടാകുമെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. സായ്ക്ക് അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ ആ അവാര്‍ഡിന് മൂല്യമുണ്ടാകില്ലെന്നും കമന്റുകളുണ്ട്. സാക്ഷാല്‍ വിജയ് സേതുപതിയെപ്പോലും സായ് പൃഥ്വിരാജ് സൈഡാക്കിയെന്നും ആദ്യചിത്രത്തില്‍ തന്നെ സായ് ഞെട്ടിച്ചെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

Content Highlight: Sai Prithviraj’s performance in Baththa movie getting appreciations after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more