| Friday, 20th November 2026, 7:13 am

മൈന്യൂട്ടായ റിയാക്ഷനായിരിക്കും, മോണിറ്ററില്‍ പോയി നോക്കുമ്പോഴാണ് നമ്മള്‍ ഞെട്ടുക; മമ്മൂട്ടിയെ കുറിച്ച് സായ് പല്ലവി

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളെന്ന് നിസംശയം വിളിക്കാവുന്നയാളാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ന് (വെള്ളി) റിലീസിനൊരുങ്ങുന്ന ഓ.എം. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന അധോലോക നായകന്റെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ധനുഷാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഓ.എം. Photo: X.com

സായ് പല്ലവി, ശ്രീലീല, നസ്‌റുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ പിറന്ന ഗാനങ്ങള്‍ക്കും ചിത്രത്തിന്റെ ടീസറുകള്‍ക്കും ട്രെയ്‌ലറുകള്‍ക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടിയോടൊത്ത് അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവി.

‘ചിത്രത്തിലെ പൊലീസ് കഥാപാത്രം ചെയ്യുമ്പോള്‍ എപ്പോഴും എങ്ങനെയാണ് സീരിയസായി നില്‍ക്കാന്‍ സാധിക്കുക എന്നായിരിക്കും ഞാന്‍ ശ്രമിക്കുക. എന്നാല്‍ എന്റെ ഓപ്പോസിറ്റ് മമ്മൂട്ടി സാര്‍ കോമഡി പറഞ്ഞ്, ചിരിച്ച് കളിച്ച് നില്‍ക്കുകയായിരിക്കും. അദ്ദേഹം അപ്പുറത്ത് നിന്ന് ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ നമുക്ക് എങ്ങനെയാണ് സീരിയസ് ആയി നില്‍ക്കാന്‍ സാധിക്കുക?.

പക്ഷേ അദ്ദേഹം പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയാല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടെന്ന് തോന്നില്ല. സാറിന്റെ ഓപ്പോസിറ്റ് അഭിനയിക്കുന്ന നമ്മളും ഇത് തന്നെയാണ് ആലോചിച്ചിരിക്കുക. അദ്ദേഹം എന്തെങ്കിലും റിയാക്ഷന്‍ ഇടുമ്പോള്‍ നമ്മള്‍ പകരം റിയാക്ഷന്‍ കൊടുക്കണമല്ലോ എന്നെല്ലാമായിരിക്കും നമ്മുടെ മനസിലുണ്ടാകുക.

സായ് പല്ലവി, മമ്മൂട്ടി. Photo: X.com

എന്തുകൊണ്ട് അങ്ങനെയൊരു റിയാക്ഷന്‍ വന്നില്ലെന്ന് നമ്മള്‍ പോയി നോക്കുമ്പോള്‍ വളരെ മൈന്യൂട്ട് ആയ റിയാക്ഷനായിരിക്കും അദ്ദേഹം നല്‍കിയിട്ടുണ്ടാകുക. പക്ഷേ അത് അത്രയും പവര്‍ഫുള്‍ ആയിരിക്കും. ഒരു സീനില്‍ മമ്മൂട്ടി സാറിന്റെ കവിളിലെ ഒരു മസിലും കണ്ണും മാത്രമാണ് മൂവ് ചെയ്യുന്നത്. ഇതെല്ലാം എങ്ങനെയാണ് ചെയ്യുന്നത് എന്ന ഞെട്ടലിലാണ് ഞാന്‍ നോക്കുന്നത്,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi talks about Mammootty’s acting in O.M movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more