| Sunday, 15th November 2026, 7:15 pm

കഴിഞ്ഞ പടത്തില്‍ മമ്മൂട്ടി, മമ്മൂട്ടി എന്ന് പറഞ്ഞ് ഇപ്പോള്‍ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുന്നു: സായ് പല്ലവി

അശ്വിന്‍ രാജേന്ദ്രന്‍

മലയാള ചിത്രമായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയായി മാറിയ അഭിനേത്രിയാണ് സായ് പല്ലവി. ദീപിാവലിയ്ക്ക് റിലീസായ രാമായണ പാര്‍ട്ട് വണ്ണില്‍ സീതയായി വേഷമിട്ട സായ് പല്ലവിയ്ക്ക് മികച്ച പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് പിന്നാലെ മിനിമം ഗ്യാരണ്ടി നല്‍കുന്ന ഒട്ടനവധി പ്രൊജക്ടുകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

ഇതില്‍ പ്രധാനപ്പെട്ടതാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത് നവംബര്‍ 20ന് റിലീസിനൊരുങ്ങുന്ന ഓ.എം. ചിത്രത്തില്‍ പൊലീസ് കഥാപാത്രമായ ഐ.പി.എസുകാരിയായ നിത്യ റെഡ്ഡി എന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിനായി താരം മുടിമുറിച്ചിരുന്നു. ഇതുവരെയുള്ള താരത്തിന്റെ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ഓ.എമ്മില്‍ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സൂചിപ്പിച്ചിരുന്നു.

സായ് പല്ലവി. Photo: Divo Music

ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സിയ കാര്‍ത്തികേയനെന്ന അധോലോക നായകനായാണ് മമ്മൂട്ടി വേഷമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം സഫലമായതിനെ കുറിച്ചും ഓ.എമ്മിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സായ് പല്ലവി.

‘കഴിഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി, മമ്മൂട്ടി എന്ന് പറഞ്ഞതുകൊണ്ടാണ് എന്ന് തോന്നുന്നു, ഈ ചിത്രത്തില്‍ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. മാനിഫെസ്റ്റേഷന്‍ എന്ന് പറയുന്നത് ഇതാണെന്ന് തോന്നുന്നു. രാജ്കുമാര്‍ സാറിനെ കുറിച്ച് ഞാന്‍ പ്രത്യേകം പറയണം. അമരന്റെ നൂറാം ദിനത്തിന്റെ സക്‌സസ് സെലിബ്രേഷന്റെ സമയത്ത് താങ്കളുടെ അടുത്ത ചിത്രത്തില്‍ തീര്‍ച്ചയായും എനിക്കൊരു വേഷം തരണമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു.

സായ് പല്ലവി. Photo: X.com

ഈ വേദിയില്‍ വെച്ച് അടുത്ത് സിനിമയിലും എന്നെ വിളിക്കണമെന്ന് ഞാന്‍ പറയുകയാണ്. അത് അത്യാഗ്രഹമാകുമോ എന്ന് എനിക്കറിയില്ല. ഈ ചിത്രത്തിലെ വളരെ വെല്ലുവിളി നിറഞ്ഞ ഒരു റോളിലേക്ക് എങ്ങനെയാണ് നിങ്ങളെന്നെ കാസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. കാസ്റ്റ് ചെയ്തതിന് ശേഷം ഓങ്ങി അടിച്ചാല്‍ ഒന്നര ടണ്‍ വെയിറ്റ് എന്നെല്ലാം ഞാന്‍ വീട്ടില്‍ സഹോദരിയുടെ അടുത്ത് പറയുമായിരുന്നു,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai pallavi talks about her role in O.M movie and acting with Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more