| Monday, 16th November 2026, 10:29 am

പ്രേമമാണ് എന്റെ കരിയറിനെ ഷേപ്പ് ചെയ്തത്, എന്റെ യാത്ര തുടങ്ങിയത് ഇവിടെ വെച്ചാണ്: സായ് പല്ലവി

അനുപമ കെ. സീത

അമരൻ എന്ന വിജയ ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഓ.എം. ധനുഷ് നായകനാകുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ നിത്യ റെഡ്ഡിയായ് സായ് പല്ലവി എത്തുമ്പോൾ സിയ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

നവംബര്‍ 20ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ ഇവന്റ് ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി, തുടങ്ങി മറ്റ് അണിയറപ്രവര്‍ത്തകരും ഇവന്റിൽ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സായ് പല്ലവി മലയാളി പ്രേക്ഷകരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

‘എയർപോട്ടിൽ നിന്നും വരുമ്പോൾ എനിക്ക് പ്രേമത്തിന്റെ ഓർമ്മകൾ ഓർമ വന്നു. ആലുവയിൽ പോയി ഷൂട്ട് ചെയ്തതൊക്കെ മനസിലേക്ക് വന്നു. ഞാൻ നിങ്ങളോട് നന്ദി പറയുകയാണ്, എന്റെ യാത്ര തുടങ്ങിയത് ഇവിടെ വെച്ചാണ്. പ്രേമത്തിന്റെ സമയത്ത് മലയാളി ഓഡിയൻസ് തന്ന സ്നേഹമാണ് എന്റെ കരിയറിനെ ഷേപ്പ് ചെയ്തത്. അതിനെപ്പോഴും മലയാളി ഓഡിയൻസിനോട് ഞാൻ കടപ്പെട്ടിരിക്കും. അതിന് വലിയ നന്ദി പറയുന്നു.

സായ് പല്ലവി.Photo. Screen Grab/The Quint.com

ഓരോ സമയത്തും ഓരോ സിനിമ ഇറങ്ങുമ്പോഴും ചെറിയ ഡീറ്റൈൽസും പോയിന്റ്സ് പോലും എടുത്ത് റിവ്യൂ ചെയ്യുന്നവരുണ്ട്. അതൊക്കെ ഞാൻ അവോയ്ഡ് ചെയ്യാറുണ്ട്. എന്നാൽ ആക്ടർ എന്ന നിലയിൽ ചിലത് നമ്മൾ നോട്ടീസ് ചെയ്യുമല്ലോ, ഇവിടത്തെ ആളുകളും റിവ്യൂവേഴ്‌സും ചെറിയ കാര്യങ്ങൾ വരെ അപ്രീഷ്യേറ്റ് ചെയ്യാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇവിടെ എല്ലാവരും ഒരു മൂവി കാണുമ്പോൾ ഹൈലി ചാർജാണ്. അതുകൊണ്ട് ഇതുപോലൊരു ഓഡിയൻസിന്റെ മുമ്പിൽ ഇങ്ങനെയൊരു സിനിമ പ്രസന്റ് ചെയ്യുമ്പോൾ അത് എക്സ്ട്രാ സ്‌ട്രെസും ഫിയറുമാണ് അതേസമയം എനിക്ക് എപ്പോഴും നിങ്ങളെ ഇമ്പ്രസ് ചെയ്യാനും ആഗ്രഹമുണ്ട്,’ നടി പറഞ്ഞു.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി 2015ലാണ് പ്രേമം ഇറങ്ങിയത്. സിനിമയിൽ മലർ മിസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തിയത്. നടിയുടെ ആദ്യ ചിത്രമായിരുന്നു അത്. മുഖക്കുരുവോടുകൂടിയ, മേക്കപ്പില്ലാത്ത സ്വാഭാവിക മുഖവും സാരിയും നീളൻ മുടിയുമായി എത്തിയ മലർ മിസ്, നായികാ സങ്കൽപ്പങ്ങളിലെ പരമ്പരാഗത രീതികളെ തിരുത്തിക്കുറിച്ച് ജനപ്രിയ നായികയായ് മാറുകയായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രം കൂടിയാണ് പ്രേമം.

Content Highlight: Sai Pallavi talks about her first movie Premam

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more