| Friday, 23rd October 2026, 9:29 am

തമിഴിലിറങ്ങുന്ന നല്ല സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല, പക്ഷേ രണ്‍ബീര്‍ കപൂര്‍ അതെല്ലാം കണ്ടിട്ട് എന്നോട് കഥ പറഞ്ഞ് തരും: സായ് പല്ലവി

അമര്‍നാഥ് എം.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് സായ് പല്ലവി. സൗത്ത് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായ പ്രേമത്തിലൂടെയാണ് താരം അരങ്ങേറിയത്. ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകള്‍ സായ്‌യെ തേടിയെത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത സായ് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് സ്വയം അവകാശപ്പെടുന്ന രാമായണയില്‍ സീതയായി വേഷമിടുന്നത് സായ് പല്ലവിയാണ്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകള്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ സംഘടിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന പ്രൊമോഷന്‍ ഇവന്റില്‍ സായ് പറഞ്ഞ വാക്കുകള്‍ ഇതിനോടകം ശ്രദ്ധ നേടി. രാമായണയുടെ ഷൂട്ടിനായി രണ്ട് വര്‍ഷത്തോളം താന്‍ മാറ്റിവെച്ചെന്നും ഇതിനിടയില്‍ പല സിനിമകളും കാണാന്‍ പറ്റാതെ പോയെന്നും താരം പറഞ്ഞു. നല്ല സിനിമകളാണെന്ന് പലരും പറഞ്ഞിട്ടും അതൊന്നും കാണാനുള്ള സമയമില്ലായിരുന്നെന്നും സായ് കൂട്ടിച്ചേര്‍ത്തു.

‘തമിഴില്‍ ഒരുപാട് നല്ല സിനിമകള്‍ വന്നെന്ന് അറിയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും കാണാനുള്ള സമയം കിട്ടിയില്ല. എന്റെ കാര്യം മാത്രമാണ് ഇങ്ങനെ. രണ്‍ബീര്‍ കപൂര്‍ നേരെ തിരിച്ചാണ്. എല്ലാ ഭാഷയിലും നല്ല സിനിമകള്‍ വന്നെന്ന് അറിയുമ്പോള്‍ അതൊക്കെ തേടിപ്പിടിച്ച് കാണും. തമിഴില്‍ ഈയടുത്ത് വന്ന എല്ലാ സിനിമയും രണ്‍ബീര്‍ കണ്ടിട്ടുണ്ട്.

ഞാന്‍ അഭിനയിച്ച അമരന്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നായിരുന്നു വിചാരിച്ചത്. പക്ഷേ, അദ്ദേഹം മഹാരാജ കണ്ടിട്ടുണ്ട്, ബത്ത കണ്ടിട്ടുണ്ട്. ഈ പടമെല്ലാം കണ്ടിട്ട് എന്നോട് വന്ന് കഥ പറഞ്ഞു തരും. ‘സൂപ്പര്‍ സിനിമയാണ്, എന്തായാലും കാണണം’ എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ അന്തംവിടും. ഇതിനും മാത്രം എല്ലാത്തിനും എങ്ങനെ സമയം കണ്ടെത്തുന്നു എന്ന് ആലോചിക്കും. സിനിമയോട് വല്ലാത്ത ഇഷ്ടമുള്ള ചുരുക്കം ആളുകളിലൊരാളാണ് രണ്‍ബീര്‍ എന്ന് ഞാന്‍ പറയും,’ സായ് പല്ലവി പറയുന്നു.

ദംഗല്‍, ചിച്ചോരെ തുടങ്ങിയ ക്ലാസിക്കുകള്‍ അണിയിച്ചൊരുക്കിയ നിതേഷ് തിവാരിയാണ് രാമായണക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. നാലായിരം കോടിയിലേറെ ചെലവഴിച്ച് ചിത്രം നിര്‍മിക്കുന്നത് നമിത് മല്‍ഹോത്രയാണ്. കന്നഡ താരം യഷ് ആണ് ചിത്രത്തില്‍ രാവണനായി വേഷമിടുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം നവംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content Highlight: Sai Pallavi saying Ranbir Kapoor watches all good Tamil movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more