| Sunday, 15th November 2026, 12:25 pm

വിജയ് സാര്‍ സിനിമ നിര്‍ത്തുകയാണെന്ന വീഡിയോ കണ്ട് ആ സംവിധായകന്‍ എന്റെ മുന്നില്‍ വെച്ച് കരഞ്ഞു: സായ് പല്ലവി

അമര്‍നാഥ് എം.

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നടിയാണ് സായ് പല്ലവി. ആദ്യചിത്രത്തിലൂടെ ശ്രദ്ധ നേടിയ സായ് പല്ലവി ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറി. തിയേറ്ററുകളില്‍ ചരിത്രവിജയത്തിലേക്ക് കുതിക്കുന്ന രാമായണയിലും താരം ഭാഗമാണ്. സീതയായാണ് സായ് പല്ലവി രാമായണയില്‍ വേഷമിടുന്നത്.

രാമായണയുടെ വന്‍ വിജയത്തിന് പിന്നാലെ താരത്തിന്റെ അടുത്ത ചിത്രവും റിലീസിനൊരുങ്ങുകയാണ്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓമില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിലാണ് സായ് പ്രത്യക്ഷപ്പെടുന്നത്. അമരന് ശേഷം സായ് പല്ലവിയും രാജ്കുമാര്‍ പെരിയസാമിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഓം.

അമരന്‍ മുതല്‍ സംവിധായകനെ അടുത്തറിയാമെന്ന് സായ് പറഞ്ഞു. സിനിമയോട് വളരെ പാഷനുള്ള ആളാണ് രാജ്കുമാറെന്നും അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിജയ് ഫാന്‍ അദ്ദേഹമാണെന്നും സായ് പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘വിജയ് സാറിന്റെ വലിയ ഫാനാണ് രാജ്കുമാര്‍ പെരിയസാമി. അമരന്‍ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് വിജയ് സാറിനെ കാണാന്‍ സാധിച്ചു. ഓമിന്റെ ഷൂട്ട് തുടങ്ങിയ സമയത്താണ് ജന നായകന്റെ ഫസ്റ്റ് അനൗണ്‍സ്‌മെന്റ് വന്നത്. ‘വണ്‍ ലാസ്റ്റ് ടൈം ഓണ്‍ സ്‌ക്രീന്‍’ എന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ ടീം ഒരു വീഡിയോ വിട്ടിരുന്നല്ലോ. അത് ഞാന്‍ ഷൂട്ടിന്റെ ഇടയിലാണ് കണ്ടത്.

വിജയ് സാര്‍ സിനിമ നിര്‍ത്തുകയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. എന്റെ കണ്ണൊക്കെ നിറഞ്ഞു. എന്റെയടുത്ത് സാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ‘സായ് നിങ്ങള്‍ കരഞ്ഞാല്‍ കാണാനൊരു ഭംഗിയുമില്ല. കരയരുത്’ എന്ന് പറഞ്ഞു. എന്നിട്ട് സാര്‍ അവിടെ നിന്ന് കരയുകയായിരുന്നു. ആദ്യമായാണ് അദ്ദേഹം കരയുന്നത് ഞങ്ങള്‍ കണ്ടത്.

അത്രയും ആളുകളുടെ മുന്നില്‍ വെച്ച് കരയുമ്പോള്‍ തന്നെ വിജയ് സാര്‍ അദ്ദേഹത്തിന് എത്രമാത്രം ഫേവറെറ്റാണെന്ന് എനിക്ക് മനസിലായി. ഒരു ഫാനെന്ന നിലയില്‍ അദ്ദേഹം കരഞ്ഞതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല. സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെയാണ് വിജയ് സാറിനെ കാണുന്നതെന്ന് തോന്നി,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi saying Rajkumar Periasamy is hardcore fan of Vijay

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more