| Saturday, 14th November 2026, 10:35 am

മമ്മൂക്ക പറഞ്ഞതുപോലെ ബ്രൂസ് ലീ തന്നെ, രണ്ട് സൂപ്പര്‍സ്റ്റാറുകളെ സൈഡാക്കി സായ് പല്ലവിയുടെ തൂക്കിയടിയെന്ന് ഓ.എം ട്രെയ്‌ലറിന് പിന്നാലെ സിനിമാപേജുകള്‍

അമര്‍നാഥ് എം.

ജയിലര്‍ 2, സീന്‍ എന്നീ ചിത്രങ്ങളെപ്പോലെ ഭാഷാതിര്‍ത്തികള്‍ കടന്ന് ഹിറ്റാകുമെന്ന് ഉറപ്പുള്ള ചിത്രങ്ങളിലൊന്നാണ് ഓ.എം. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഓം എന്ന് ആദ്യം പേരിട്ട ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണ് ഓ.എം എന്ന് മാറ്റിയത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ഏഴ് മണിക്ക് വരുമെന്ന് അറിയിച്ച ട്രെയ്‌ലര്‍ രാത്രി 11.30നാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. അര്‍ധരാത്രി വന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്പാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഇതുവരെ വന്ന അപ്‌ഡേറ്റുകള്‍ നല്‍കിയ സൂചനകള്‍ ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

തിരുപ്പതി, തിരുവണ്ണാമലൈ എന്നിവിടങ്ങളില്‍ നടക്കുന്ന രക്തചന്ദന കടത്തും അതിനെ തടയാനായി ആന്ധ്ര പൊലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. രക്ത ചന്ദന കടത്ത് നടത്തുന്ന സിയാ/ കാര്‍ത്തികേയനായി മമ്മൂട്ടി എത്തുമ്പോള്‍ സിയായുടെ ഗ്യാങ്ങില്‍ നുഴഞ്ഞുകയറുന്ന ചെഴിയന്‍ എന്ന പൊലീസ് ഓഫീസറായാണ് ധനുഷ് വേഷമിടുന്നത്.

തമിഴിലെയും മലയാളത്തിലെയും രണ്ട് സൂപ്പര്‍താരങ്ങളുണ്ടായെങ്കിലും ട്രെയ്‌ലര്‍ തൂക്കിയത് സായ് പല്ലവിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു. രക്ത ചന്ദന കടത്ത് തടയാനായി രൂപീകരിച്ച ഫോഴ്‌സിന്റെ നേതാവായ നിത്യ റെഡ്ഡി എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് സായ് പല്ലവി വേഷമിടുന്നത്.

ആക്ഷന്‍ സീനും ഡയലോഗ് ഡെലിവറിയും കൊണ്ട് സായ് പല്ലവി ട്രെയ്‌ലര്‍ തൂക്കിയെന്നാണ് പലരും കമന്റ് പങ്കുവെച്ചു. ഓഡിയോ ലോഞ്ചില്‍ മമ്മൂട്ടി പറഞ്ഞതുപോലെ ‘സായ് പല്ലവിയുടെ ഫൈറ്റ് ബ്രൂസ് ലീയെപ്പോലെയുണ്ട്’ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ധനുഷിനെയും മമ്മൂട്ടിയെയും സായ് പല്ലവി സൈഡാക്കിയെന്നും കമന്റുകളുണ്ട്.

തമിഴിലും തെലുങ്കിലുമുള്ള ഡയലോഗുകളും സായ് പല്ലവിയില്‍ ഭദ്രമാണെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. പൊലീസ് വേഷത്തില്‍ താരം മിസ്‌കാസ്റ്റാണെന്ന് അഭിപ്രായപ്പെടുന്ന ഹേറ്റേഴ്‌സിനുള്ള അടിയാകും ഓ.എം എന്നും കമന്റുകളുണ്ട്. ആക്ഷന്‍ ഹീറോയായി ധനുഷും ഓറ ഫാമിങ് നടത്തി മമ്മൂട്ടിയും നിറഞ്ഞുനില്‍ക്കുമ്പോള്‍ സൈലന്റായി വന്ന് സീന്‍ തൂക്കാന്‍ പോകുന്നത് സായ് ആയിരിക്കുമെന്നും സിനിമാപേജുകള്‍ പ്രവചിക്കുന്നു. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sai Pallavi’s action scenes in O.M movie trailer getting appreciations

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more