അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ മലര്‍ മിസ്സായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ, വലിയ ജനസ്വീകാര്യത നേടിയ താരം ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്.
2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയില്‍ അഭിനയിച്ച സായ് പല്ലവി പിന്നീട് ഫിദ ഉള്‍പ്പടെ നിരവധി തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു. മാരി2, ഗാര്‍ഗി, അതിരന്‍, പാവ കഥൈകള്‍, ശ്യാം സിഗ റോയ് തുടങ്ങിയവ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
രാജ്കുമാര്‍ പെരിയസ്വാമിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ അമരന്‍ എന്ന ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ പ്രകടനത്തിന് സായ്പല്ലവിക്ക് കഴിഞ്ഞ ദിവസം ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഇപ്പോഴിതാ താരത്തിന് ലഭിച്ച അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
തന്റെ പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ ഏഴാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണ് അമരിനിലൂടെ സായ് പല്ലവി സ്വന്തമാക്കിയത്. കേവലം പതിനൊന്ന് നോമിനേഷനില്‍ നിന്ന് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ന്യൂ ജെന്‍ ആക്ടര്‍ എന്ന നേട്ടം ഇനി സായ്പല്ലവിക്ക് സ്വന്തമാണ്.
പ്രേമത്തിന് മികച്ച പുതുമുഖ നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫിദ, ലവ് സ്റ്റോറി എന്നീ സിനിമകള്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സ്വന്തമാക്കി. വിരാട പര്‍വ്വത്തിന് മികച്ച ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയപ്പോള്‍ ശ്യാം സിഗ റോയ്, ഗാര്‍ഗി, അമരന്‍ എന്നീ സിനിമകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ കൂടാതെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മൂന്ന് സൈമ അവാര്‍ഡുകള്‍, തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാംസ്‌കാരിക ബഹുമതിയായ ‘കലൈമാമണി’ പുരസ്‌കാരവും സായ് പല്ലവി നേടിയിട്ടുണ്ട്.
വെറുതെ സിനിമയില്‍ വന്ന് ഒന്ന് തലകാണിക്കാന്‍ മാത്രമുള്ള കഥാപാത്രമാവാതെ അഭിനയപ്രാധാന്യമുള്ളതും സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതുമായ വേഷങ്ങള്‍ തെരഞ്ഞെടുത്തത് കൊണ്ടാണ് സായ് പല്ലവി ഈ നേട്ടം സ്വന്തമാക്കിയതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. പ്രേമത്തിലെ മലര്‍ മിസ്സും ഫിദയിലെ ഭാനുമതിയും അമരനിലെ ഇന്ദു റെബേക്ക വര്‍ഗീസുമെല്ലാം അത്തരത്തില്‍ ജനമനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
സൗത്ത് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറാനൊരുങ്ങുകയാണ് സായ് പല്ലവി. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സില്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനുമായി ഒന്നിക്കുന്ന ഏക് ദിന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം രാമായണവും സായ് പല്ലവിയുടെ ലൈനപ്പിലുണ്ട്.
Content Highlight: Sai Pallavi becomes most awarded New gen south actress
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ