| Sunday, 1st November 2026, 7:02 pm

മമിത അഡോറബിളായിരുന്നു, സംഗീത് അയ്യപ്പാ പറഞ്ഞപ്പോഴെല്ലാം ഞാന്‍ ചിരിച്ചു; ബെത്‌ലഹേമിനെ കുറിച്ച് സായ് പല്ലവി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ സകല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചര്‍ച്ചയായ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്‌സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തില്‍ നിവിന്‍ പോളിയെ അഭിനന്ദിക്കുന്ന സൂപ്പര്‍ നായിക സായ് പല്ലവിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രമായ രാമായണയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ‘ജയമ്മു നിശ്ചയമ്മു രാ വിത്ത് ജഗപതിബാബു’ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവേ സായ് പല്ലവിയെ സര്‍പ്രൈസായി നിവിന്‍ പോളി വിളിക്കുകയായിരുന്നു.

സായ് പല്ലവി. Photo: X.com

നിവിനോട് സംസാരിക്കവെ ബ്ലോക്ക് ബ്ലാസ്റ്റര്‍ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സായ് സംഭാഷണം ആരംഭിച്ചത്. രണ്ട് ദിവസം മുമ്പാണ് താന്‍ ചിത്രം കണ്ടെതെന്നും ചിത്രത്തില്‍ മമിത അഡോറബിളാണെന്നും സായ് പറഞ്ഞു. ചിത്രത്തിലെ അനിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ടര്‍ അയ്യപ്പാ എന്ന് പറയുമ്പോഴെല്ലാം താന്‍ ചിരിക്കുകയായിരുന്നുവെന്നും ഇത് പറയാനായി ഞാന്‍ വിളിക്കാനിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. വിളിച്ചതിന് ഒരുപാട് നന്ദിയെന്നും കോള്‍ സര്‍പ്രൈസായെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

Content Highlight: Sai Pallavi appreciates Nivin Pauly for Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more