| Monday, 16th November 2026, 7:19 am

അമരനിലെ എന്റെ മുറി മലയാളത്തിന് കാരണം സംവിധായകന്‍, അതിന്റെ പേരില്‍ എന്നെ മാത്രമേ എല്ലാവരും വിമര്‍ശിച്ചുള്ളൂ: സായ് പല്ലവി

അമര്‍നാഥ് എം.

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടിമാരിലൊരാളാണ് സായ് പല്ലവി. പ്രേമത്തിലൂടെ കരിയറാരംഭിച്ച സായ് ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി കഴിഞ്ഞു. തിയേറ്ററുകളില്‍ ചരിത്രവിജയമെഴുതി മുന്നേറുന്ന രാമായണയില്‍ സീതയായി വേഷമിട്ട് സായ് കൈയടി നേടുകയാണ്. രാമായണയുടെ ഓളം അടങ്ങുന്നതിന് മുന്നേ അടുത്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓ.എമ്മില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ് താരം. പുറത്തുവന്ന പ്രൊമോയിലും ട്രെയ്‌ലറിലുമെല്ലാം മമ്മൂട്ടിയെയും ധനുഷിനെയും സൈഡാക്കുന്ന പ്രകടനമാണ് സായ്‌യുടേതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമിയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമാണ് ഓ.എം

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ അമരനില്‍ മികച്ച പ്രകടനമായിരുന്നു സായ്‌യുടേത്. എന്നാല്‍ മികച്ച പെര്‍ഫോമന്‍സിനിടയില്‍ താരത്തിന്റെ മലയാളം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സായ് പല്ലവി. തനിക്ക് മലയാളവും തമിഴും നല്ല രീതിയില്‍ സംസാരിക്കാനറിയാമെന്ന് താരം പറഞ്ഞു. ഓ.എമ്മിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘അമരന്‍ സിനിമ എല്ലാവരും കണ്ടതാണല്ലോ. അതില്‍ ഞാന്‍ മലയാളിയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്റെ മലയാളം ശരിയായില്ലെന്ന് ഒരുപാട് പേര്‍ പറയുന്നത് കണ്ടു. സത്യം പറഞ്ഞാല്‍ ഡയറക്ടര്‍ നൈസായിട്ട് എനിക്ക് പണി തന്ന് മുങ്ങിയതാണ്. എനിക്ക് മലയാളം പ്രോപ്പറായി സംസാരിക്കാനറിയാം. തമിഴും നന്നായി സംസാരിക്കും. ഈ കഥ പറഞ്ഞപ്പോള്‍ മലയാളം നന്നായി പഠിച്ച് പറഞ്ഞോട്ടെ എന്ന് അദ്ദേഹത്തോട് ചോദിച്ചു.

അപ്പോള്‍ അദ്ദേഹം ‘ഈ ക്യാരക്ടര്‍ മലയാളിയാണ്, തമിഴ്‌നാട്ടില് പഠിക്കാന്‍ വന്ന ശേഷം അവരുടെ ജീവിതം മാറിപ്പോവുകയാണ്. ആളുകളിലേക്ക് ആ ക്യാരക്ടറിന്റെ ഇമോഷന്‍ കറക്ടായി എത്തണമെങ്കില്‍ തമിഴില്‍ സംസാരിക്കണം. അതിന്റെ ഇടയില്‍ കുറച്ച് മലയാളം മതി’ എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ടാണ് അമരനില്‍ ഞാന്‍ മുറി മലയാളത്തില്‍ സംസാരിച്ചത്. ഒരുപാട് പേര്‍ അതിന്റെ പേരില്‍ എന്നെ വിമര്‍ശിച്ചത് കണ്ടു. ഇതാണ് അതിലെ സത്യാവസ്ഥ,’ സായ് പല്ലവി പറഞ്ഞു.

അതേസമയം ഓ.എമ്മിലെ സായ്‌യുടെ പ്രകടനം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ശേഷാചലം കാടുകളിലെ രക്തചന്ദന കടത്തും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. സിയാ കാര്‍ത്തികേയന്‍ എന്ന കിങ്പിന്നായി മമ്മൂട്ടി വേഷമിടുമ്പോള്‍ ചെഴിയന്‍ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.

Content Highlight: Sai Pallavi about the criticisms she faced for her Malayalam in Amaran movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more