| Monday, 15th June 2026, 9:56 pm

മൈക്കിളാശാന്റെ വിവരം വെച്ചിട്ടാണ് അയാള്‍ പ്രതികരിക്കുന്നത്; ഛോട്ടാമുംബൈയിലെ കഥാപാത്രത്തെ കുറിച്ച് സായ്കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് സായ്കുമാര്‍. പിന്നീട് സഹനടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി താരം മാറുകയും പതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങിനില്‍ക്കാനും താരത്തിന് സാധിക്കുന്നുണ്ട്.

ഛോട്ടാമുംബൈ. Photo: Sun NXT

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും പ്രായം കുറവാണെങ്കിലും ഇരുവരുടെയും അച്ഛനായി സിനിമയില്‍ താരം വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ കള്‍ട്ട് ചിത്രം രാജമാണിക്യത്തില്‍ താരത്തിന്റെ അച്ഛനായിട്ടാണെങ്കില്‍ ഛോട്ടാമുംബൈയില്‍ മോഹന്‍ലാലിന്റെ അച്ഛനായി താാരം വേഷമിട്ടിരുന്നു. ചിത്രത്തില്‍ മൈക്കിളാശാന്‍ എന്ന ഗുസ്തി അധ്യാപകനായിട്ടായിരുന്നു സായ്കുമാര്‍ പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തെ കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രത്തില്‍ കഥാപാത്രത്തിന് പ്രായമായി, രണ്ട് പെണ്‍കുട്ടികളുണ്ട്, അമ്മയില്ല, ആകെ ആശ്രയമായിട്ടുള്ള മകന്‍ വെള്ളമടിച്ച് അവിടെയും ഇവിടെയും അടിയുണ്ടാക്കി നടക്കുകയാണ്. ഇതെല്ലാം അയാളുടെ മനസിലുള്ള കാര്യങ്ങളാണ്. പ്രത്യേകിച്ച് ഒരു ചേരി പോലുള്ള പ്രദേശത്ത് കുട്ടികള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചിന്തയെല്ലാം അദ്ദേഹത്തിനുണ്ട്. ഇതിനൊപ്പം മണി ചെയ്ത നടേശനെ പോലുള്ള കഥാപാത്രങ്ങളുടെ എന്‍ട്രി കൂടെ വരുമ്പോള്‍ ഒരു അച്ഛനെന്ന നിലയില്‍ അയാളുടെ വിവരം വെച്ചിട്ടാണ് മൈക്കിളാശാന്‍ പ്രതികരിക്കുന്നത്.

ഛോട്ടാമുംബൈ. Photo: Book My Show

അതിനകത്ത് സായ്കുമാറോ മറ്റൊരാളോ ഇല്ല. അയാളുടെ ബുദ്ധി വെച്ചാണ് പല കാര്യങ്ങളും അദ്ദേഹം പറയുന്നത്. അല്ലെങ്കില്‍ ക്ലൈമാക്‌സില്‍ തീ കത്തുന്ന സമയത്ത് ആരെങ്കിലും പിണങ്ങി ഇരിക്കുമോ. നീ വാക്ക് തന്നിട്ട് രക്ഷപ്പെടുത്തിയാല്‍ മതിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കിലും തന്റെ മകനെ ഒന്ന് നന്നാക്കാന്‍ പറ്റുമോ എന്ന ഒരു അവസാന ശ്രമമാണ് അവിടെ നടത്തുന്നത്,’സായ്കുമാര്‍ പറഞ്ഞു.

Content Highlight:  Sai Kumar talks about his character in Chottamumbai movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more