| Monday, 20th April 2026, 8:37 pm

മമ്മൂക്കയുടെ പുറകേ നടന്ന് അടി ചോദിച്ചുവാങ്ങി, സംവിധായകന്‍ പോലും അത് വേണ്ടെന്ന് പറഞ്ഞു: സായ് കുമാര്‍

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് സായ് കുമാര്‍. റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തില്‍ നായകനായാണ് സായ് കുമാര്‍ അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമെല്ലാം സായ് കുമാര്‍ തിളങ്ങി. 2000ന് ശേഷം വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കൂടുതലായി ശ്രദ്ധ നല്‍കിയത്.

ഇടക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സായ് കുമാര്‍ തിരിച്ചുവരവില്‍ കോമഡി റോളുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഭരതനാട്യത്തിലെ ഭരതന്‍ നായര്‍ അത്തരത്തിലൊന്നായിരുന്നു. മകള്‍ കല്യാണി പണിക്കര്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന മധുവിധു റിലീസിന് തയാറെടുക്കുകയാണ്. സായ് കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സായ് കുമാര്‍ Photo: Screen grab/ Flowers TV

സായ് കുമാറിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു സേതുരാമയ്യര്‍ സി.ബി.ഐയിലെ ഡി.വൈ.എസ്.പി സത്യദാസ്. സി.ബി.ഐ ഡയറിക്കുറിപ്പില്‍ സുകുമാരന്‍ അവതരിപ്പിച്ച ദേവദാസ് എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് സായ് കുമാര്‍ വേഷമിട്ടത്. സുകുമാരന്റെ മാനറിസങ്ങളെല്ലാമുള്ള കഥാപാത്രം സായ് കുമാറില്‍ ഭദ്രമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സായ് കുമാര്‍. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേതുരാമയ്യര്‍ സി.ബി.ഐയില്‍ മമ്മൂക്ക എന്നെ അടിക്കുന്ന ഒരു സീനുണ്ടല്ലോ, പുള്ളിയുടെ ക്യാരക്ടര്‍ പോകാന്‍ നേരത്ത് വിളിച്ചുവരുത്തി അടി വാങ്ങുന്ന ആ സീന്‍. സത്യം പറഞ്ഞാല്‍ ആ സീന്‍ സ്‌ക്രിപ്റ്റിലില്ലായിരുന്നു. ഷൂട്ടിന്റെ സമയത്ത് ഞാന്‍ പുള്ളിയുടെ പിന്നാലെ നടന്ന് എന്നെ തല്ലാമോ എന്ന് ചോദിച്ചു. ‘നീ പോടാ, എനിക്കൊന്നും പറ്റില്ല’ എന്നായിരുന്നു പുള്ളിയുടെ മറുപടി.

ഒടുക്കം ഞാന്‍ നിര്‍ബന്ധിച്ച് അങ്ങനെയൊരു സീന്‍ എടുക്കാമെന്ന് അവര്‍ തീരുമാനിച്ചു. തിയേറ്ററില്‍ ആ സീനിന് ഗംഭീര കൈയടിയായിരുന്നു. ഇപ്പോ കാണുമ്പോള്‍ മധു ചേട്ടന്‍ എന്നോട് ‘ആ സീന്‍ വേണ്ടെന്ന് നീ പറഞ്ഞിട്ട് ഇപ്പഴും അതാണ് ഹിറ്റായി നില്‍ക്കുന്നത്’ എന്ന് പറഞ്ഞു. പുള്ളി വിചാരിച്ചിരിക്കുന്നത് പുള്ളിയാണ് ആ സീന്‍ ഉണ്ടാക്കിയതെന്നാണ്. ഞാനായിട്ട് അത് തിരുത്താനും പോയിട്ടില്ല,’ സായ് കുമാര്‍ പറയുന്നു.

സേതുരാമയ്യറിന്റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിക്കും ആ സീന്‍ വെക്കാന്‍ താത്പര്യമില്ലായിരുന്നെന്ന് സായ് കുമാര്‍ പറഞ്ഞു. വളരെ അപൂര്‍വമായിട്ടാണ് ഇത്തരം സീനുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം സമ്മതിക്കാറെന്നും താരം കൂട്ടിച്ചേര്‍ത്തു. ദേവദാസ് എന്ന കഥാപാത്രം തനിക്ക് ഒരുപാട് കൈയടികള്‍ നേടിത്തന്നെന്നും സായ് കുമാര്‍ പറഞ്ഞു.

Content Highlight: Sai Kumar about the iconic scene in Sethurama Iyer CBI movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more