| Tuesday, 21st April 2026, 9:50 am

ആറാം ക്ലാസു മുതല്‍ കമ്പോസ് ചെയ്ത ആയിരത്തിലധികം പാട്ടുകള്‍ കൈയില്‍ സ്റ്റോക്കുണ്ട്, 60 വയസിന് ശേഷം അതൊക്കെ ഉപയോഗിക്കും: സായ് അഭ്യങ്കര്‍

അമര്‍നാഥ് എം.

എ.ആര്‍. റഹ്‌മാനും അനിരുദ്ധിനും ശേഷം തമിഴ് സിനിമയില്‍ ചെറിയ പ്രായത്തില്‍ തന്നെ സെന്‍സേഷനായി മാറിയ സംഗീത സംവിധായകനാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധ നേടിയ സായ്ക്ക് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ പല വമ്പന്‍ പ്രൊജക്ടുകളിലും സായ് ഭാഗമാണ്.

സംഗീതം നല്‍കുന്ന പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കാന്‍ സായ് അഭ്യങ്കറിനുള്ള കഴിവ് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ‘പവഴ മല്ലി’ എന്ന ആല്‍ബവും വന്‍ ഹിറ്റായി മാറി. സൂര്യ നായകനാകുന്ന കറുപ്പാണ് സായ്‌യുടെ പുതിയ ചിത്രം. തന്റെ സംഗീതജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ് അഭ്യങ്കര്‍.

സായ് അഭ്യങ്കര്‍ Photo: Screen grab/ Hollywood Reporter India

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതുകൊണ്ട് ചെറുപ്പം മുതല്‍ പാട്ടുകളോട് വലിയ താത്പര്യമായിരുന്നെന്ന് സായ് പറഞ്ഞു. പാടുന്നതിനെക്കാള്‍ കമ്പോസിങ്ങിലായിരുന്നു തന്റെ ശ്രദ്ധയെന്നും ഒരുപാട് പാട്ടുകള്‍ കമ്പോസ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും സായ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സായ്.

‘ആയിരത്തിലധികം പാട്ടുകള്‍ ഇപ്പോള്‍ എന്റെ ബാങ്കിലുണ്ട്. ആറാം ക്ലാസുമുതല്‍ കമ്പോസ് ചെയ്തുവെച്ചതാണ് അതൊക്കെ. 60 വയസിന് ശേഷമായിരിക്കും ആ പാട്ടുകള്‍ ഞാന്‍ ഉപയോഗിക്കുക. അതും ആ സമയത്ത് എന്റെ മെന്റല്‍ ഹെല്‍ത്ത് അത്ര നല്ലതല്ലെങ്കില്‍ മാത്രമേ ആ പാട്ടുകള്‍ ഉപയോഗിക്കുള്ളൂ (ചിരിക്കുന്നു). എപ്പോഴും ആളുകളിലേക്ക് കൂടുതലായി കണക്ടാകുന്ന പാട്ടുകളുണ്ടാക്കാനാണ് എന്റെ ശ്രമം.

സാധാരണയായി അഞ്ച്- ആറ് മണിക്കൂര്‍ വരെയേ ഉറങ്ങാറുള്ളൂ. അതാണ് എന്റെ ശീലം. പിന്നെ കൈയിലുള്ളത് നോക്കിയയുടെ സാധാരണ ഫോണാണ്. എല്ലാവരെയും കോണ്‍ടാക്ട് ചെയ്യാന്‍ അതാണ് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന ഡിസ്ട്രാക്ഷനുകളെ ഇല്ലാതാക്കന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്,’ സായ് അഭ്യങ്കര്‍ പറഞ്ഞു.

കറുപ്പിന് പുറമെ വമ്പന്‍ പ്രൊജക്ടുകള്‍ സായ്‌യുടെ ലൈനപ്പിലുണ്ട്. അല്ലു അര്‍ജുന്‍- അറ്റ്‌ലീ കോമ്പോയിലൊരുങ്ങുന്ന രാക്ക, കാര്‍ത്തിയുടെ മാര്‍ഷല്‍, രാഘവ ലോറന്‍സിന്റെ ബെന്‍സ്, ധനുഷിന്റെ D55 തുടങ്ങിയ പ്രൊജക്ടുകള്‍ക്ക് സംഗീതം നല്‍കുന്നത് സായ് അഭ്യങ്കറാണ്. ചെറിയ പ്രായത്തില്‍ തന്നെ ഹിറ്റുകളൊരുക്കിയ സായ് ഇനിയും ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Sai Abhyankar shares about his composing life

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more