| Monday, 20th October 2025, 10:07 pm

ചെക്കന്റെ ആദ്യ വരവ് തന്നെ പൊളിച്ചടുക്കിയല്ലോ, ഗ്ലോബല്‍ വെറല്‍ പാട്ടുകളില്‍ ഇടം നേടി സായ് അഭ്യങ്കറിന്റെ 'ഊറും ബ്ലഡ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ സംഗീത സംവിധായകനാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് വീഡിയോകളിലൂടെയാണ് സായ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി നിരവധി ചിത്രങ്ങള്‍ സായ്‌യുടെ ലൈനപ്പില്‍ വന്നു. ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ എട്ടോളം സിനിമകള്‍ സായ് ഒപ്പുവെച്ചിട്ടുണ്ട്.

സംഗീതം നല്‍കിയ ആദ്യ തമിഴ് ചിത്രം കറുപ്പ് ആണെങ്കിലും ആദ്യം പുറത്തിറങ്ങിയ ഗാനം ഡ്യൂഡിലേതായിരുന്നു. പ്രദീപ് രംഗനാഥന്‍- മമിത ബൈജു കോമ്പോയിലൊരുങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം പതിയെയാണെങ്കിലും പലരുടെയും ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു. ‘ഊറും ബ്ലഡ്’ എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്.

ഇപ്പോഴിതാ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയുടെ ഗ്ലോബല്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഈ ഗാനം ഇടംപിടിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും ട്രെന്‍ഡിങ്ങായ പാട്ടുകളില്‍ 11ാം സ്ഥാനത്താണ് ‘ഊറും ബ്ലഡ്’ ഇടം നേടിയത്. സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങിയ ഗാനം ഇതിനോടകം നിരവധി കേള്‍വിക്കാരെയും സ്‌പോട്ടിഫൈയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഡ്യൂഡിന് ശേഷമാണ് സായ് അഭ്യങ്കറിന്റെ മലയാളത്തിലെ അരങ്ങേറ്റം നടന്നത്. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയിലും സായ് ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധ നേടി. സൂര്യ നായകനായ കറുപ്പില്‍ സായ് സംഗീതം നല്കിയ ഗാനം ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഗോഡ് മോഡ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അല്ലു അര്‍ജുന്‍- അറ്റ്‌ലീ കോമ്പോയിലെ AA 22 x A6, രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സ്, കാര്‍ത്തിയെ നായകനാക്കി തമിഴ് സംവിധാനം ചെയ്യുന്ന മാര്‍ഷല്‍ എന്നിവയാണ് സായ്‌യുടെ ലൈനപ്പിലുള്ളത്. 650 കോടി ബജറ്റിലൊരുങ്ങുന്ന അല്ലു- അറ്റ്‌ലീ ചിത്രത്തില്‍ സായ് എത്തിയത് സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

ചെയ്യുന്ന പാട്ടുകളെല്ലാം ചാര്‍ട്ബസ്റ്ററാക്കി മാറ്റുന്ന അനിരുദ്ധിന് ഒത്ത എതിരാളിയെന്നാണ് പലരും സായ് അഭ്യങ്കറിനെ വിശേഷിപ്പിക്കുന്നത്. അനിരുദ്ധിനെപ്പോലെ ചെറിയ പ്രായത്തില്‍ തന്നെ സിനിമാലോകത്തേക്ക് കടന്നുവന്ന സായ് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സായ്‌യുടെ പാട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Sai Abhyankar’s Oorum Blood song on Global viral hits

We use cookies to give you the best possible experience. Learn more