| Saturday, 16th May 2026, 4:42 pm

എ.ആര്‍. റഹ്‌മാന് പകരം ഈ കൊച്ച് ചെറുക്കന്‍ എന്ത് ചെയ്യാനാ? സംശയിച്ചവര്‍ക്ക് മുന്നില്‍ സ്‌ക്രീനിന് തീയിട്ട് വിട്ടിട്ടുണ്ട്... ഒരേയൊരു സായ്

അമര്‍നാഥ് എം.

റിലീസ് ദിവസം ഷോ മാറ്റിവെക്കേണ്ടി വന്നിട്ടും തൊട്ടടുത്ത ദിവസം തിയേറ്ററുകളെ ഇളക്കിമറിക്കുക എന്ന അപൂര്‍വതക്കാണ് കറുപ്പിലൂടെ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് പരാജയങ്ങള്‍ക്ക് പിന്നാലെ കരിയര്‍ തന്നെ ചോദ്യചിഹ്നമായിരിക്കുന്ന സൂര്യക്കും ആദ്യമായി മാസ് സിനിമ ഒരുക്കുന്ന സംവിധായകന്‍ ആര്‍.ജെ ബാലാജിക്കും കറുപ്പ് നിര്‍ണായകമായിരുന്നു.

ഏറെക്കാലമായി ആരാധകര്‍ കാണാനാഗ്രഹിച്ച സൂര്യയെ രണ്ടര മണിക്കൂര്‍ സ്റ്റൈലിഷായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെ കാവല്‍ക്കാരനായ കറുപ്പ് സാമിയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ട്രോള്‍ മെറ്റീരിയലാകേണ്ടിയിരുന്ന മാസ് ഓവര്‍ ദി ടോപ് കഥാപാത്രം സൂര്യയില്‍ ഭദ്രമായിരുന്നു.

സൂര്യയുടെ പെര്‍ഫോമന്‍സിനെയും സംവിധായകന്റെ മേക്കിങ്ങിനെയും അപ്‌ലിഫ്റ്റ് ചെയ്ത ഏറ്റവും വലിയ ഫാക്ടറായിരുന്നു കറുപ്പിന്റെ സംഗീതം. ഇന്ത്യന്‍ സിനിമാസംഗീത ലോകത്ത് ‘ദി നെക്‌സ്റ്റ് ബിഗ് തിങ്’ എന്ന് വിശേഷിപ്പിക്കുന്ന സായ് അഭ്യങ്കറാണ് കറുപ്പിനായി സംഗീതമൊരുക്കിയത്. കറുപ്പിലേക്ക് സായ് എത്തിയത് അവിചാരിതമായിട്ടാണ്.

ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ എ.ആര്‍. റഹ്‌മാനായിരുന്നു സംഗീതസംവിധായകന്‍. 24ന് ശേഷം എ.ആര്‍. റഹ്‌മാന്‍- സൂര്യ കോമ്പോ ഒന്നിക്കുന്നു എന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ റഹ്‌മാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും പകരം സായ് അഭ്യങ്കര്‍ കറുപ്പിലേക്ക് വരുന്നു എന്ന വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തി.

അതുവരെ ഒരൊറ്റ സിനിമയില്‍ പോലും വര്‍ക്ക് ചെയ്യാത്ത, ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങള്‍ മാത്രം ചെയ്ത സായ് ഇത്രയും വലിയ പ്രൊജക്ടില്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു പലരും സംശയിച്ചത്. റഹ്‌മാന് പകരം സായ് എന്ത് ചെയ്യുമെന്ന ചിന്ത ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയതോടെ അവസാനിച്ചു. ‘വെരപ്പാ’ എന്ന ഗാനം സായ് അഭ്യങ്കറിന്റെ റേഞ്ച് വ്യക്തമാക്കി. പിന്നീട് ചിത്രത്തിലെ ഓരോ അപ്‌ഡേറ്റിലും സായ് ഒരുക്കിയ സ്‌കോര്‍ കൈയടി നേടി.

ചിത്രത്തിലേക്ക് എത്തുമ്പോള്‍ സൂര്യയുടെ ടൈറ്റില്‍ കാര്‍ഡ് മുതല്‍ സായ് കത്തിച്ചുവിടുന്നുണ്ട്. ഓരോ സീനിനെയും എലവേറ്റ് ചെയ്യുന്നതില്‍ സായ് ഒരുക്കിയ ഗാനങ്ങളുടെ പങ്ക് ചെറുതല്ല. സൂര്യയുടെ ഇന്‍ട്രോയായാലും ഇന്റര്‍വെല്‍ സീനായാലും മാസ് സീനുകളെ കൊലമാസ്സാക്കാന്‍ സായ്‌യുടെ ബി.ജി.എമ്മിന് സാധിച്ചു.

വെരപ്പാ എക്സ്റ്റന്ഡഡ് വേര്‍ഷന്‍, രാതു രാസന്‍, കറുപ്പാ കൂടെ വാ എന്നീ പാട്ടുകള്‍ ഗംഭീരമായിരുന്നു. ഗോഡ് മോഡ് എന്ന ഗാനം തിയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു. റഹ്‌മാന് പകരം വന്ന് ഒരു സിനിമയെ ഷോള്‍ഡര്‍ ചെയ്ത 21 കാരന്‍ ഇനിയും സിനിമാലോകത്ത് ഞെട്ടിക്കുമെന്ന് ഉറപ്പാണ്. സോഷ്യല്‍ മീഡിയയില്‍ സായ്‌യുടെ ഫോളോവേഴ്‌സ് പറയുന്നതുപോലെ ‘There is no Isai without Sai’ എന്ന വാക്ക് അന്വര്‍ത്ഥമായിരിക്കുകയാണ്.

Content Highlight: Sai Abhyankar’s music in Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more