ഡ്യൂഡ് സിനിമയിലെ സംഗീതത്തിന് നേരിട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സായ് അഭ്യങ്കര്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ തനിക്ക് നേരേ വരുന്നുണ്ടെന്ന് അറിയാമെന്നും പ്രേക്ഷകര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാന്ത്ര്യമുണ്ടെന്നും സായ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കര്‍.
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തി നവാഗതനായ കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്യൂഡ്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. തമിഴില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ഡ്യൂഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ ഡ്യൂഡിനായി സായ് ഒരുക്കിയ സംഗീതം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിത്രത്തിലെ ഊറും ബ്ലഡ് എന്ന ഗാനത്തെ തിരിച്ചും മറിച്ചുമാണ് സായ് ഓരോ സീനിലും ബി.ജി.എമ്മായി ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
ഇപ്പോള്‍ ഊറുംബ്ലഡ് എന്ന ഗാനത്തെ കുറിച്ചും തനിക്ക് നേരിട്ട വിമര്‍ശനങ്ങളെ പറ്റിയും സായ് മനസ് തുറക്കുന്നു. ആ ഗാനത്തിന്റെ വേരിയേഷനുകള്‍ സിനിമയിലുടെ നീളം ഉപയോഗിച്ചത് മനപൂര്‍വ്വം ചെയ്തതാണെന്നും താനും സംവിധായകനും അങ്ങനെയാണ് അത് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
‘പാട്ടിന്റെ ഓരോ ഭാഗത്തിനും വ്യത്യസ്തമായ ഇമോഷന്‍സ് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. സിനിമ ചുറ്റി കറങ്ങുന്നത് ഈ ഡ്യൂഡിലാണ്. അതാണ് ഡ്യഡിന്റെ മെയിന്‍ തീം. മാത്രമല്ല, ഇതൊരു ലവ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഒരു മെലഡി കോര്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വരണം. എന്നാല്‍ ഒരു പോലെ തോന്നാനും പാടില്ല.
ഈ സിനിമയില്‍ ഡ്യൂഡിനൊരു മാസ് തീം ഉണ്ടായിരുന്നു. അതാണ് എല്ലാ മാസ് തീമിലും വന്നത്. അങ്ങനെ പല വേരിയേഷനിലാണ് കൊടുത്തത്. അത് ഞങ്ങള്‍ പര്‍പ്പസ്ഫുളി ചെയ്തതാണ്. അങ്ങനെയൊരു ഐഡിയ ഞങ്ങള്‍ പര്‍പ്പസ്ഫുളി കൊണ്ടുവന്നതാണ്. എനിക്ക് തോന്നുന്നു അത് കുറെ വര്‍ക്കായിട്ടുണ്ടെന്ന്,’ സായ് അഭ്യങ്കര്‍ പറയുന്നു.
വിമര്‍ശനങ്ങള്‍ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും എന്നാല്‍ പാട്ടിന്റെ കാര്യത്തില്‍ അത് തന്നെയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും സായ് പറയുന്നു. ആ ഉദ്ദേശം ശരിയായി വന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളും ട്രോളുകളും തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നുവെന്നും സായ് കൂട്ടിച്ചേര്‍ത്തു.
റൊമാന്‍സ് സീനില്‍ ഈ ഗാനത്തിന്റെ സ്ലോ വേര്‍ഷന്‍ ഉപയോഗിച്ച സായ് ഇന്റര്‍വെല്‍ സീനില്‍ ഈ പാട്ടിനെ കോറസ് പാടുന്ന രീതിയിലാണ് ഉപയോഗിച്ചത്. ഇമോഷണല്‍ സീനിലും ഊറും ബ്ലഡിനെ മറ്റൊരു രീതിയിലാണ് സായ് ഉപയോഗിച്ചത്. കോമഡി രംഗങ്ങളിലടക്കം ‘ഊറും ബ്ലഡ്’ വേരിയേഷന്‍ ഉപയോഗിച്ചതോടെയാണ് സായ് ട്രോളന്മാരുടെ ഇരയായി മാറിയത്.
Content highlight: Sai Abhyankar responds to criticism of music in Dude