| Thursday, 4th December 2025, 12:45 pm

ചെയ്തത് വെറും രണ്ട് സിനിമകള്‍, എന്നിട്ടും സ്‌പോട്ടിഫൈയില്‍ 324 മില്യണ്‍ സ്ട്രീമുമായി സായ്, ചെക്കന്‍ പുലിയാണെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂത്തിന്റെ ഇടയില്‍ ഇന്ന് മുന്നിട്ടു നില്‍ക്കുന്ന, സിനിമാ ലോകത്തെ അറിയപ്പെടുന്ന സംഗീതസംവിധായകനും ഗായകനുമാണ് സായ് അഭ്യങ്കര്‍. പ്രശസ്ത ഗായകന്‍ ടിപ്പുവിന്റെ മകനുമാണ് സായ്. അടുത്തിടെ ഡ്യൂഡ് എന്ന സിനിമയ്ക്കായി സായ് ഒരുക്കിയ ഒ.എസ്.ടി പ്ലേലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഒ.എസ്.ടിക്ക് ലഭിക്കുന്നത്.

ഓണ്‍ലൈന്‍ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിലൂടെ 25.4 മില്യണ്‍ ആളുകള്‍ തന്റെ പാട്ടുകള്‍ കേട്ടെന്നും 324 മില്യണ്‍ സ്ട്രീമുകള്‍ ഉണ്ടായെന്നുമാണ് പുതിയ വാര്‍ത്ത. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് സായ് ഈ വര്‍ഷത്തെ സ്‌പോട്ടിഫൈ വ്രാപ്പ്ഡ് സ്റ്റാറ്റുകള്‍ പങ്കുവെച്ചത്. ‘രാജാധി രാജന്‍ താന്‍’ എന്ന് ഈ പോസ്റ്റിന് സ്‌പോട്ടിഫൈ ഇന്ത്യ കമന്റ് പങ്കുവെക്കുകയും ചെയ്തു. വെറും രണ്ട് സിനിമകള്‍ക്ക് സംഗീതമൊരുക്കിക്കൊണ്ട് ഈ വര്‍ഷത്തെ സെന്‍സേഷനായി മാറാന്‍ സായ്ക്ക് സാധിച്ചു.

സായ് അഭ്യങ്കര്‍ Photo: Sai Abhyankar/ X.com

അദ്ദേഹത്തിന്റെ അതുല്യമായ ശൈലിയും വേറിട്ട മ്യൂസിക് ടേസ്റ്റും എന്നും ജനപ്രീതിയും നേടിയെടുത്തു. അതേസമയം ചില വിമര്‍ശനങ്ങളും സായ്ക്ക് നേരെ ഉയരുന്നുണ്ടെങ്കിലും അയാളെ അതൊന്നും ബാധിക്കുന്നില്ല. ‘കച്ചി സേര’, ‘ആസ കൂട’ തുടങ്ങിയ മ്യൂസിക് ആല്‍ബങ്ങളിലൂടെയാണ് സായ് അഭ്യങ്കര്‍ ശ്രദ്ധേയനായത്.

2025ല്‍ പുറത്തിറങ്ങിയ ഡ്യൂഡ് എന്ന സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന പാട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ഈ പാട്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒന്നാകെ ഏറ്റടുത്തു. ഒരു പാട്ടിന്റെ പല വേരിയേഷനുകളാണ് സായ് ഡ്യൂഡില്‍ പരീക്ഷിച്ചത്. ഇത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു.

മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധ നേടിയ സായ്‌യുടെ വിജയം പെട്ടെന്ന് തന്നെ സിനിമയില്‍ അവസരങ്ങള്‍ നേടിക്കൊടുത്തു. 2022 ല്‍ അദ്ദേഹം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചു, അതിനുശേഷം നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അവസരം തേടിയെത്തി. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയിലൂടെ മലയാളത്തിലും സായ് അരങ്ങേറ്റം കുറിച്ചു.

മലയാള സിനിമയില്‍ ഒരു സംഗീത സംവിധായകന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു സായ്ക്ക് ബള്‍ട്ടിയില്‍ ലഭിച്ചത്. സൂര്യ നായകനാകുന്ന കറുപ്പ്, കാര്‍ത്തിയുടെ മാര്‍ഷല്‍, രാഘവ ലോറന്‍സിന്റെ ബെന്‍സ്, അല്ലു അര്‍ജുന്‍- അറ്റ്‌ലീ പ്രൊജക്ട് എന്നിവയാണ് സായ്‌യുടെ ലൈനപ്പിലുള്ള ചിത്രങ്ങള്‍.

Content Highlight: Sai Abhyankar got record stream in Spotify India Wrapped

Latest Stories

We use cookies to give you the best possible experience. Learn more