| Wednesday, 16th July 2025, 3:58 pm

ഒരൊറ്റ പാട്ട് മാത്രം കേട്ട് എന്നെ വിശ്വസിച്ച ആദ്യത്തെ പ്രൊഡ്യൂസര്‍ അദ്ദേഹം, മറ്റ് സിനിമകള്‍ അതിന് ശേഷം: സായ് അഭ്യങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്ന സംഗീതസംവിധായകനാണ് സായ് അഭ്യങ്കര്‍. മ്യൂസിക് വീഡിയോയിലൂടെയാണ് സായ് ശ്രദ്ധേയനായത്. 2023ല്‍ കരിയര്‍ ആരംഭിച്ച സായ്‌യുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. ബെന്‍സ് എന്ന ചിത്രത്തിലൂടെ സംഗീതലോകത്തേക്ക് കടന്നുവരാന്‍ സായ്ക്ക് സാധിച്ചു. ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പ് കൈനിറയെ പ്രൊജക്ടുകളാണ് സായ്ക്ക് ഉള്ളത്.

അല്ലു അര്‍ജുന്‍- അറ്റ്‌ലീ കോമ്പോയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, സൂര്യയുടെ കറുപ്പ്, കാര്‍ത്തിയുടെ മാര്‍ഷല്‍ എന്നിവക്ക് പുറമെ ഷൈന്‍ നായകനാകുന്ന ബള്‍ട്ടിയിലൂടെ മലയാളത്തിലും സായ് അരങ്ങേറുകയാണ്. ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പ് ഇത്ര വലിയ ലൈനപ്പ് സ്വന്തം പേരിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് സായ് അഭ്യങ്കര്‍.

തന്നെ ഇപ്പോള്‍ സമീപിക്കുന്ന സിനിമകളും പ്രൊഡക്ഷന്‍ ഹൗസുകളുമെല്ലാം വമ്പന്മാരാണെന്ന് സായ് പറഞ്ഞു. എന്നാല്‍ തനിക്ക് ലഭിച്ച ആദ്യ അവസരം കാരണമാണ് ഇതെല്ലാം തന്നെത്തേടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെന്‍സ് എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ സുധന്‍ സുന്ദരമാണ് ആദ്യമായി തന്നെ വിശ്വസിച്ചതെന്നും സായ് പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കര്‍.

‘എട്ട് സിനിമകളിലാണ് ഞാന്‍ വര്‍ക്ക് ചെയ്യുമെന്ന് ഒഫിഷ്യലി അറിയിച്ചിരിക്കുന്നത്. അതില്‍ പല സിനിമകളുടെയും പ്രൊഡ്യൂസേഴ്‌സും പ്രൊഡക്ഷന്‍ ഹൗസുകളും ജാമ്പവാന്മാരാണ്. വമ്പന്‍ സിനിമകളാണ് അതെല്ലാം. പക്ഷേ, ആദ്യത്തെ സിനിമ റിലീസാകുന്നതിന് മുമ്പ് ഇത്രയും സിനിമകളില്‍ എന്നെ വിളിക്കുന്നതില്‍ പലര്‍ക്കും സംശയമുണ്ട്.

പക്ഷേ, എന്റെ മ്യൂസിക് വീഡിയോ മാത്രം കണ്ട് എന്നെ വിശ്വസിച്ച ആദ്യത്തെ പ്രൊഡ്യൂസര്‍ കാരണമാണ് ഈ സിനിമകളെല്ലാം എനിക്ക് കിട്ടിയത്. അത് ബെന്‍സിന്റെ പ്രൊഡ്യൂസര്‍ സുധന്‍ സാറാണ്. അദ്ദേഹം എന്നെ ബെന്‍സിലേക്ക് വിളിച്ചത് ‘കച്ചി സേര’ എന്ന പാട്ട് കണ്ടിട്ടാണ്. ആ പാട്ട് ഹിറ്റായതിന് ശേഷം എനിക്ക് സിനിമയില്‍ അവസരം കിട്ടി.

ആ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മുമ്പ് അടുത്ത സിനിമകള്‍ വേറെയും ഒരുപാട് കിട്ടി. പലരും ആലോചിക്കും, എങ്ങനെയാണ് ഇത്രയും സിനിമ കിട്ടുന്നതെന്ന്. എന്നാല്‍ മ്യൂസിക് വീഡിയോയിലൂടെയാണ് ഇത്രയും സിനിമകള്‍ കിട്ടാന്‍ കാരണമെന്നാണ് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വേറൊന്നുമില്ല,’ സായ് അഭ്യങ്കര്‍ പറഞ്ഞു.

Content Highlight: Sai Abhyankar about his lineups and Benz movie

We use cookies to give you the best possible experience. Learn more