ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാനും നമീബിയയും ഏറ്റുമുട്ടുകയാണ്. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് മെന്‍ ഇന്‍ ഗ്രീന്‍ അടിച്ചെടുത്തത്.
ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 58 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 100 റണ്‍സാണ് താരം സ്വന്തമാക്കിയത്. 172.41 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഫര്‍ഹാന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകുകയാണ് ഫര്‍ഹാന്‍. മുമ്പ് പാകിസ്ഥാന് വേണ്ടി 2014ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഹ്‌മദ് ഷഹസാദാണ് പാകിസ്ഥാന് വേണ്ടി സെഞ്ച്വറി നേടിയത്. 62 പന്തില്‍ 111* റണ്‍സാണ് താരം നേടിയത്.
അതേസമയം മത്സരത്തില്‍ ഫര്‍ഹാന് പുറമെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ 23 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38* റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ഷദബ് ഖാന്‍ 22 പന്തില്‍ 36* റണ്‍സും നേടി ടീമിന്റെ ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ സംഭാവന ചെയ്തു.
നമീബിയക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് ജാക് ബ്രസലാണ്. രണ്ട് വിക്കറ്റാണ് താരം നേടിയത്. ജെറാഡ് ഇറാസ്മസ് ഒരു വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 14 ഓവര്‍ പിന്നിടുമ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയിലാണ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ടീമിന് നേടാനായത്. മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ ടീമിന് സൂപ്പര്‍ എട്ടിലേക്ക് ചേക്കേറാനാകും.
Content Highlight: Sahibzada Farhan In Great Record Achievement In T20 World Cup 2026 For Pakistan