ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ വിജയിച്ചെങ്കിലും ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ സാധിക്കാത്തത് പാകിസ്ഥാന് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് 2ല്‍ നിന്നും ഇംഗ്ലണ്ടിനൊപ്പം ന്യൂസിലാന്‍ഡ് സെമി ഫൈനലിന് യോഗ്യത നേടി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും സ്‌കോറിങ്ങിന് അടിത്തറയിട്ടത്.
42 പന്തില്‍ 84 റണ്‍സ് നേടിയ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്‌സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഫര്‍ഹാനും. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പാണിത്. നേരത്തെ 2026ലെ ലോകകപ്പില്‍ തന്നെ ഫിന്‍ അലനും ടിം സീഫേര്‍ട്ടും യു.എ.ഇക്കെതിരെ നേടിയ കൂട്ടുകെട്ട് പൊളിച്ചാണ് ഇരുവരും ഒന്നാം സ്ഥാനത്തേക്ക് ചേക്കേറിയത്.
സഹിബ്‌സാദ ഫര്‍ഹാന്‍ & ഫഖര്‍ സമാന്‍ – 176 – ശ്രീലങ്ക (2026)
ഫിന്‍ അലന്‍ & ടിം സീഫേര്‍ട്ട് – 175* – യു.എ.ഇ (2026)
ജോസ് ബട്‌ലര്‍ & അലക്‌സ് ഹേല്‍ – 170* – ഇന്ത്യ (2022)
മത്സരത്തില്‍ പാക് ക്യാപ്റ്റനടക്കമുള്ളവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ഫര്‍ഹാന്‍ മറുവശത്ത് ഉറച്ചുനിന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. 60 പന്തില്‍ അഞ്ച് സിക്‌സറിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ 100 റണ്‍സാണ് താരം നേടിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഏഴാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ്. 31 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 76 റണ്‍സാണ് താരം അടിച്ചെടുത്തത്. 245.16 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.
Content Highlight: Sahibzada Farhan & Fakhar Zaman In Great Record Achievement In T20 World Cup History