ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി.
പൊളിച്ചുമാറ്റിയ പള്ളിയുടെ കമ്മിറ്റിയില്‍ നിന്ന് 6.41 കോടി നഷ്ടപരിഹാര തുക ഈടാക്കുന്നത് കോടതി താത്ക്കാലികമായി തടഞ്ഞു. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
പള്ളി പൊളിക്കലിനെ ചോദ്യം ചെയ്ത് മുഹമ്മദ് തന്‍വീര്‍ അഹമ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി യു.പി സര്‍ക്കാരിനോട് മൂന്ന് ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്നും കേസ് ഒക്ടോബര്‍ 12ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സഹാറന്‍പൂര്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്നാണ് അധികൃതരുടെ വാദം.
315 ചതുരശ്ര മീറ്റര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജൂലൈ 16ന് സിറ്റി മജിസ്‌ട്രേറ്റ് കോടതി പള്ളി ഒഴിപ്പിക്കല്‍ ഉത്തരവിനൊപ്പം 6.41 കോടി നഷ്ടപരിഹാരവും പള്ളിയ്ക്കുമേല്‍ ചുമത്തിയിരുന്നു.
ഇതിനെതിരെ പള്ളി കമ്മിറ്റി നല്‍കിയ അപ്പീല്‍ സെപ്തംബര്‍ രണ്ടിന് ജില്ലാ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ അഞ്ചിന് പള്ളി പൊളിച്ചു.
പൊളിച്ച പള്ളി വര്‍ഷക്കാലമായി നിലനിന്നിരുന്ന വഖഫ് സ്വത്താണെന്നാണ് ഹരജിക്കാരുടെ വാദം. ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥതയും വഖഫ് പദവിയും കീഴ്ക്കോടതികള്‍ പരിഗണിച്ചില്ലെന്നും നടപടികള്‍ തിടുക്കത്തിലായിരുന്നെന്നും ഹരജിക്കാര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഭൂമി കലക്ടറേറ്റ് ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വഖഫ് രേഖ ഹാജരാക്കിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
Content Highlights: Saharanpur mosque demolition: High Court seeks explanation from UP government; stay on ₹6.41 crore compensation.