ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ പിന്‍മാറിയെങ്കിലും ഇന്ത്യന്‍ ഹോക്കി ടീമുമായി അഞ്ചു വര്‍ഷ കരാര്‍ ഒപ്പിടാന്‍ സഹാറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
വനിതാ ഹോക്കി ടീമിനെയും പുരുഷ ഹോക്കി ടീമിന്റെയും സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഏറ്റെടുക്കാനാണ് സഹാറയുടെ തീരുമാനം. 2017 വരെയുള്ള കരാറിനാണ് ഉദ്ദേശിക്കുന്നത്.
കരാര്‍ തീരുമാനങ്ങളൊന്നും പുറത്തുവിടാന്‍ സഹാറ തയ്യാറായില്ലെങ്കിലും ഹോക്കി ടീമിന്റെ ഇപ്പോഴത്തെ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഇരട്ടി തുകയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നാണ് അറിയുന്നത്. ഞങ്ങള്‍ കരാര്‍ തുകയെ കുറിച്ചൊന്നും തീരുമാനിച്ചില്ല. ഹോക്കി ടീമിനെ 2017 വരെ സ്‌പോണ്‍സര്‍ ചെയ്യണമെന്ന് താത്പര്യമുണ്ട് അതില്‍കൂടുതലൊന്നും പറയാറായിട്ടില്ലെന്നും സഹാറ ഗ്രൂപ്പ് പറഞ്ഞതായാണ് അറിയുന്നത്.
ഫിബ്രവരി 18 നും 26 നും ഇടയ്ക്ക് നടക്കുന്ന ഒളിംപ്ക്‌സ് യോഗ്യതാ മത്സരത്തിന് മുന്‍പ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ സഹാറ ഗ്രൂപ്പിന്റെ ജേഴ്‌സിയണിഞ്ഞ ഹോക്കി താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് കാണാമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനുമുന്‍പ് 2003 ജൂലൈ മാസത്തിലാണ് സഹാറ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. ഈ കാലാവധി 2011 ല്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആറ് മാസത്തേക്ക് കൂടി കരാര്‍ കാലാവധി നീട്ടുകയായിരുന്നു. ആ കാലാവധിയും അവസാനിച്ചു. തുടര്‍ന്നും സഹാറയുടെ സ്‌പോണ്‍സര്‍ഷിപ്പ തന്നെയാണ് ഇന്ത്യന്‍ ഹോക്കി ടീം പ്രതീക്ഷിക്കുന്നത്.
ഒളിംപിക്‌സ് മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം കാനഡ,സിംഗപ്പൂര്‍,ഫ്രാന്‍സ്,ഇറ്റലി പോളണ്ട് തുടങ്ങിയ രാജ്യങ്ങളെയും വനിതാ വിഭാഗം സൗത്ത് ആഫ്രിക്ക, പോളണ്ട്,കാനഡ,ഉക്രൈന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങളെയുമാണ് നേരിടേണ്ടത്.