ന്യൂദല്‍ഹി: ഇന്ത്യ-പാക് വിഷയത്തിനിടയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ്. ഇന്നലെ (വ്യാഴം) രാത്രിയില്‍ കണ്ട ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന ദുരന്തത്തിന്റെ ഉദാഹരണമായിരുന്നു ഇന്ത്യയിലെ മിക്ക ടി.വി മാധ്യമങ്ങളും ചില സോഷ്യല്‍ മീഡിയകളുമെന്ന് സാഗരിക ഘോഷ് പറഞ്ഞു.
ഇവര്‍ പൊതുജനങ്ങള്‍ക്ക് നേരെ മണിക്കൂറുകളോളം വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന നുണകളും അഴിച്ചുവിട്ടുവെന്നും സാഗരിക ഘോഷ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സാഗരികയുടെ പ്രതികരണം.
വളരെ സെന്‍സിറ്റീവും പിരിമുറുക്കവുമുള്ള സമയങ്ങളില്‍ ഓരോ വാര്‍ത്തയും പുറത്തുവിടുന്നതിന് മുമ്പ്, മാധ്യമങ്ങള്‍ അവ ദയവായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സാഗരിക പറഞ്ഞു. സത്യം പറയുക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ കടമയെന്നും സാഗരിക ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തമില്ലാത്ത, ടി.ആര്‍.പി പിന്തുടരുന്ന മാധ്യമങ്ങള്‍ ആവേശഭരിതരാകാതിരിക്കാനും പരിഭ്രാന്തരാകാതിരിക്കാനും പൗരന്മാരെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനും സര്‍ക്കാര്‍ പതിവായി വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കണമെന്നും സാഗരിക ഘോഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സംഗരിക ഇക്കാര്യം മുന്നോട്ടുവെച്ചത്. ‘സത്യം വിജയിക്കട്ടെ’ എന്നതാണ് നമ്മുടെ ദേശീയ മുദ്രാവാക്യമെന്നും സാഗരിക ഘോഷ് ഓര്‍മിപ്പിച്ചു.
നിലവില്‍ ദേശീയ മാധ്യമങ്ങള്‍ക്കും മലയാളം വാര്‍ത്താ ചാനലുകള്‍ക്കുമെതിരെയും രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമിതാവേശത്തതോടെ വാര്‍ത്ത നല്‍കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്. വ്യാജ വാര്‍ത്തകളിലും വിമര്‍ശനമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി. ബല്‍റാം, ശബരിനാഥന്‍, സി.പി.ഐ.എം നേതാവായ എ.എ റഹീം തുടങ്ങിയവര്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കേന്ദ്ര മന്ത്രാലയം ശക്തമായ നിബന്ധനകള്‍ നടപ്പിലാക്കിയാലും കുഴപ്പമില്ലെന്ന് ശബരിനാഥനും പാകിസ്ഥാന്‍ തീവ്രവാദത്തെയും വ്യാജ പ്രചരണങ്ങളെയും അതിജീവിക്കുമെന്ന് രാഹുലും ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാതെ വാര്‍ത്തകള്‍ ‘മാര്‍ക്കറ്റ്’ ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്ന് റഹീമും പ്രതികരിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി ആക്രോശിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ആവശ്യം നിരസിച്ചതോടെ കോണ്‍ഗ്രസ് നേതാവ് രാജീവ് ദേശായിയെ അര്‍ണബ് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനുപുറമെ ദി വയറിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടിയും വിവാദമായിട്ടുണ്ട്. വെബ് സൈറ്റിലേക്കുള്ള പ്രവേശനം കേന്ദ്രം തടഞ്ഞതായി ദി വയര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദി വയര്‍ പറഞ്ഞു.
Content Highlight: Sagarika Ghose slams media amid India-Pakistan row