ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം നേടുകയും ചെയ്ത നടനാണ് സാഗര്‍ സൂര്യ. 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് ബ്രേക്ക് ത്രൂവായത് ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ എത്തിയ പണി എന്ന സിനിമയാണ്.
ഒടുവില്‍ വന്ന പ്രകമ്പനം എന്ന ചിത്രത്തില്‍ സാഗര്‍ സൂര്യ അവതരിപ്പിച്ച പുണ്യാളന്‍ എന്ന കഥാപാത്രവും വലിയ ജനശ്രദ്ധ നേടി. വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ പ്രകമ്പനത്തില്‍ ഗണപതി, അമീന്‍ തുടങ്ങി യുവതാരനിര അണിനിരന്നിരുന്നു.
ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ പ്രകമ്പനത്തിന് ശേഷം തനിക്ക് നല്ല സുഹൃത്തുക്കളെ ലഭിച്ചുവെന്ന് സാഗര്‍ സൂര്യ പറയുന്നു.
‘ഗണപതി എത്രയോ വര്‍ഷമായി സിനിമയിലുള്ളയാളാണ്. അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചിദംബരത്തിന്റെ അടുത്ത ചിത്രമായ ‘ബാലനി’ലും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗണപതിക്ക് ടെക്‌നിക്കല്‍ വശങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. പ്രേക്ഷകരുടെ പള്‍സറിയുന്ന കലാകാരനാണ് അമീന്‍. ഞങ്ങള്‍ മൂന്നുപേരും നന്നായിത്തന്നെ ആ സിനിമയില്‍ സഹകരിച്ചു.
സിനിമയിലെ ഒരു തമാശപോലും മോശമായി വന്നിട്ടില്ല. കഥയും കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നെ സംവിധായകനായ വിജേഷ് പാണത്തൂര്‍ നല്ല ഒരു നടന്‍കുടിയാണ്. പ്രകമ്പന’ത്തിലെ എന്റെ പ്രകടനം കണ്ട് മല്ലികചേച്ചി കുറേ ചിരിച്ചു എന്നു പറഞ്ഞു. പിന്നെ ഇന്ദ്രേട്ടനും (ഇന്ദ്രജിത് സുകുമാരന്‍) വളരെ ഹാപ്പിയാണ്,’ സാഗര്‍ സൂര്യ പറയുന്നു.
ഇങ്ങനെയുള്ള സിനിമകള്‍ വരണമെന്നും ഇത്തരം സിനിമകള്‍ വിജയിക്കുന്നത് ഇന്‍ഡസ്ട്രിക്ക് ഒരുപാട് കഥകള്‍ എഴുതാനുള്ള വലിയൊരു പ്രചോദനമാകുമെന്നാക്കെ അന്ന് ഇന്ദ്രജിത്ത് പറഞ്ഞിരുന്നുവെന്നും നടന്‍ പറഞ്ഞു. അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും സാഗര്‍ സൂര്യ പറയുന്നു. നമ്മളെപ്പോലുള്ള ചെറുപ്പക്കാര്‍ ചെയ്ത ഒരു പടം ഇങ്ങനെ സ്വീകരിക്കപ്പെട്ട് എന്ന് പറയുന്നത് ചെറിയൊരു കാര്യമല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
നദികളില്‍ സുന്ദരി യമുന എന്ന സിനിമയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ വിജേഷ് പാണത്തൂരിന്റെ രണ്ടാമത്തെ സിനിമയായിരുന്നു പ്രകമ്പനം. പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Sagar Surya talks about the movie Prakambanam and Ganapathy, Ameen