| Friday, 6th March 2026, 7:22 am

മൂന്ന് വര്‍ഷം കൊണ്ട് 34 സപ്ലി, ഏഴാമത്തെ സെമ്മില്‍ ഒന്നിച്ച് എഴുതിയെടുത്തു; അനുഭവം പങ്കുവെച്ച് സാഗര്‍ സൂര്യ

അശ്വിന്‍ രാജേന്ദ്രന്‍

ജോജു ജോര്‍ജ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലെ ഡോണ്‍ സെബാസ്റ്റിയന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സാഗര്‍ സൂര്യ. 2018 ല്‍ മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരം പ്രസിദ്ധ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രകമ്പനം. Photo: IMDB

വിജേഷ് പാനത്തൂര്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ പ്രകമ്പനമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തില്‍ പുണ്യാളന്‍ എന്ന കഥാപാത്രമായെത്തിയ താരത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കോളേജ് കാലഘട്ടത്തിലുണ്ടായ അനുഭവത്തെക്കുറിച്ച് സാഗര്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കോളേജില്‍ എഞ്ചിനീയറിങ് ആയിരുന്നു താന്‍ പഠിച്ചിരുന്നതെന്നും കോഴ്‌സിന് ഒരു മാസത്തോളം ലേറ്റായി ചേര്‍ന്നതുകൊണ്ട് വിഷയങ്ങളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു. ആദ്യത്തെ സെമ്മില്‍ ഇംഗ്ലീഷ് ഒഴിച്ച് ആറില്‍ അഞ്ച് വിഷയങ്ങളിലും സപ്ലി ലഭിച്ചു. കോളേജില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇട്ട റാങ്ക് ലിസ്റ്റില്‍ ഏറ്റവും അവസാനമുണ്ടായിരുന്ന പേര് തന്റെതായിരുന്നു എന്നും സാഗര്‍ സൂര്യ പറയുന്നു.

ഇത്തരത്തില്‍ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളിലും കൂടി മുപ്പത്തിനാല് സപ്ലിയോളം തനിക്ക് ലഭിച്ചെന്നും പക്ഷേ ഏഴാമത്തെ സെമ്മില്‍ റിസള്‍ട്ട് അനൗണ്‍സ് ചെയ്തപ്പോള്‍ എല്ലാ സപ്ലിയും താന്‍ ക്ലിയര്‍ ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. പിന്നീട് കോളേജില്‍ വരുന്ന കുട്ടികളുടെയടുത്തെല്ലാം ഇങ്ങനെയൊരു പയ്യന്‍ ഉണ്ടായിരുന്നെന്നും പഠിപ്പുവരെ നിര്‍ത്തി പോവാന്‍ പറഞ്ഞിട്ടും അവന്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും അധ്യാപകര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിനൊപ്പം സാഗര്‍ സൂര്യ. Photo: Dool News

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാഗറിനെ, പണിയിലെ പ്രകടനത്തിന് സൂപ്പര്‍ താരം കമല്‍ ഹാസന്‍ അഭിനന്ദിച്ചത് ശ്രദ്ധേയമായിരുന്നു. കുരുതി, ജന ഗണ മന, ജോ ആന്‍ഡ് ജോ, കാസറഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ശ്രീഹരി വടക്കന്‍ തിരക്കഥയെഴുതിയ പ്രകമ്പനം ഒരു കോളേജ് ഹോസ്റ്റലിനെ പശ്ചാത്തലമാക്കി ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. സാഗര്‍ സൂര്യക്ക് പുറമെ ഗണപതി, അല്‍ അമീന്‍, മല്ലിക സുകുമാരന്‍, രാജേഷ് മാധവന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Sagar surya talks about how he passed his exams in college

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more