| Wednesday, 4th March 2026, 5:33 pm

ബിഗ് ബോസില്‍ പോയാല്‍ സിനിമയില്‍ അവസരം കിട്ടാതെയാകുമോ എന്ന് പേടിച്ചു: സാഗര്‍ സൂര്യ

ഐറിന്‍ മരിയ ആന്റണി

ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സാഗര്‍ സൂര്യ. ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ കുരുതി എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ജനഗണമന, കാപ്പ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ താരത്തിന് ബ്രേക്ക് ത്രൂ ആയത് പണി എന്ന ചിത്രമാണ്.

സാക്ഷാല്‍ കമല്‍ഹാസന്‍ വരെ സിനിമയിലെ സാഗര്‍ സൂര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. പ്രകമ്പനമാണ് സാഗര്‍ സൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സിനിമയിലെ പുണ്യാളന്‍ എന്ന കഥാപാത്രമായും താരം ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമായാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് സാഗര്‍ സൂര്യ. പരമ്പരയിലെ അഭിനയം കണ്ട് ‘ഉപചാരപൂര്‍വം ഗുണ്ട ജയന്‍’ എന്ന സിനിമയില്‍ ചെറിയൊരുവേഷം കിട്ടിയെന്നും ആ സിനിമ കണ്ടിട്ടാണ് കുരുതിയിലേക്ക് തന്നെ വിളിച്ചതെന്നും നടന്‍ പറയുന്നു.

‘കുരുതിയിലെ അഭിനയം ഒരുപാടു പേര്‍ക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷം ജനഗണമന, കാപ്പ, കാസര്‍ഗോള്‍ഡ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ആ സമയത്താണ് എനിക്ക് ബിഗ്‌ബോസ് ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത്. അതില്‍ പങ്കെടുത്താല്‍ സിനിമയില്‍ തീരെ അവസരം കിട്ടാതെ ആകുമോ എന്ന പേടി നന്നായിട്ടുണ്ടായിരുന്നു.

എങ്കിലും സാമ്പത്തിക നേട്ടമെങ്കിലും ഉണ്ടാകുമല്ലോ എന്ന് കരുതിയാണ് പോയത്. 63-ാം ദിവസം ഞാന്‍ പുറത്തായി. പുറത്തൊക്കെ ഫുള്‍ നെഗറ്റീവ് ഇമേജായിരിക്കും എന്നോര്‍ത്ത് വിഷമിച്ച് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ജോജുച്ചേട്ടന്‍ (ജോജു ജോര്‍ജ്) ‘പണി’ സിനിമയിലേക്ക് വിളിച്ചത്. രണ്ടു വര്‍ഷത്തോളം ആ സിനിമയുടെ ഭാഗമായി നിന്നു,’ സാഗര്‍ സൂര്യ പറയുന്നു.

എങ്ങനെ അഭിനയിക്കണമെന്ന് ജോജു ജോര്‍ജ് ഓരോ ഘട്ടത്തിലും പറഞ്ഞുതരുമായിരുന്നുവെന്നും ഡോണ്‍ സെബാസ്റ്റിയന്‍ എന്ന കഥാപാത്രം വലിയ ഹിറ്റായെന്നും സാഗര്‍ സൂര്യ പറഞ്ഞു. ഭയങ്കര വയലന്റ് ആയ വില്ലന്‍ വേഷമായിരുന്നു അതെന്നും കമല്‍ ഹാസന്‍, മമ്മൂട്ടി, മണിരത്‌നം, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങി പലരും ഈ കഥാപാത്രം വളരെ നന്നായിട്ടുണ്ടെന്ന് ജോജുവിനോട് പറഞ്ഞിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സത്യത്തില്‍ ഒരു നൂറു സിനിമ ചെയ്തതിന്റെ ഫലം പണി എന്ന ഒറ്റ സിനിമ കൊണ്ട് കിട്ടിയെന്നും സാഗര്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Sagar Surya talks about his film career and the film Pani

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more