മലയാള സിനിമയിൽ ശ്രദ്ധ നേടുന്ന യുവതാരമാണ് സാഗർ സൂര്യ. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിൽ ഡോൺ സെബാസ്റ്റ്യൻ എന്ന ക്രൂര വില്ലനായാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്.
പിന്നീട് പ്രകമ്പനം എന്ന ചിത്രത്തിൽ പുണ്യാളൻ എന്ന ഹാസ്യ കഥാപാത്രമായി എത്തി സാഗർ വീണ്ടും കൈയടി നേടി. ഗൗരവമുള്ള വില്ലൻ വേഷത്തിൽ നിന്ന് കോമഡി കഥാപാത്രത്തിലേക്ക് വന്ന ഈ മാറ്റം പ്രേക്ഷകരെ ഏറെ ആകർഷിച്ചു.
സാഗർ സൂര്യ, Photo: Sagar surya/ Facebook
അതേസമയം, പൃഥ്വിരാജ് സുകുമാരൻ നായകനായ കുരുതിയിൽ വിഷ്ണു എന്ന കഥാപാത്രം ചെയ്തതോടെയാണ് സാഗർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സാഗറും നെസ്‍ലനും ഭാവിയിൽ വലിയ താരങ്ങളാകും എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോൾ ആ വാക്കുകൾ ഓർത്തുപറഞ്ഞ്, ഒരു സമയത്ത് അത് തെറ്റിയെന്നു തോന്നിയെങ്കിലും പ്രകമ്പനം നേടിയ വിജയത്തോടെ പൃഥ്വിരാജിന്റെ പ്രവചനം ശരിയാകുന്നതായി തോന്നുന്നുവെന്ന് പറയുകയാണ് സാഗർ സൂര്യ. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രകമ്പന’ത്തിലെ എൻ്റെ പ്രകടനം കണ്ട് മല്ലിക ചേച്ചി കുറേ ചിരിച്ചു എന്നു പറഞ്ഞു. പിന്നെ ഇന്ദ്രേട്ടനും (ഇന്ദ്രജിത് സുകുമാരൻ) വളരെ ഹാപ്പിയാണ്. ഇങ്ങനത്തെ സിനിമകൾ വരണം.
സാഗർ സൂര്യ, Photo: Sagar surya/ Facebook
ഇത്തരം സിനിമകൾ വിജയിക്കുന്നത് ഇൻഡസ്ട്രിക്ക് ഒരുപാട് കഥകൾ എഴുതാനുള്ള വലിയൊരു പ്രചോദനമാണെന്നൊക്കെ പറഞ്ഞു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. നമ്മളെപ്പോലുള്ള ചെറുപ്പക്കാർ ചെയ്‌ത ഒരു പടം ഇങ്ങനെ സ്വീകരിക്കപ്പെട്ടു എന്നു പറയുന്നത് ചെറിയൊരു കാര്യമല്ല.
‘കുരുതി’ യിലെ എൻ്റെയും നെസ്‍ലന്റെയും പ്രകടനത്തെ ഒരുപാടുപേർ അഭിനന്ദിച്ചിരുന്നു. പ്രത്യേകിച്ച് രാജു (പൃഥിരാജ്) ചേട്ടൻ. പക്ഷേ, എനിക്ക് തുടർന്ന് നല്ല സിനിമകൾ അങ്ങനെ ലഭിച്ചില്ല. ചെറിയ വേഷങ്ങളാണ് പിന്നെ ചെയ്തതെല്ലാം. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എൻ്റെ കാര്യത്തിൽ രാജു ചേട്ടന്റെ കണക്കുകൂട്ടൽ തെറ്റിയോ എന്ന് തോന്നി. സർവൈവ് ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിൽ പങ്കെടുത്തത്. അതാണ് ‘പണി’ എന്ന ചിത്രത്തിലേക്ക് അവസരം കിട്ടാനുള്ള കാരണം.
പിന്നാലെ സ്റ്റേറ്റ് അവാർഡും കിട്ടി, പ്രകമ്പനം ഹിറ്റുമായി ഇപ്പോൾ രാജു ചേട്ടൻ പറഞ്ഞത് ശരിക്കും ശരിയായി കാരണം അവരെപ്പോലുള്ളവരുടെ വാക്കുകളാണ് നമുക്ക് ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള പ്രചോദനം. ഒന്നും കാണാതെ അവർ അങ്ങനെ പറയില്ലല്ലോ,’ സാഗർ സൂര്യ പറഞ്ഞു.
Content Highlight: sagar surya talk about Prithviraj Sukumaran