മഴവിൽ മനോരമയിലെ ടെലിവിഷൻ പരമ്പരയായ തട്ടീം മുട്ടീം എന്ന സീരിയലിൽ ആദി ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടൻ സാഗർ സൂര്യ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നത്. പിന്നീട് കുരുതി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. ശേഷം ശ്രദ്ധേയമായ സഹ വേഷങ്ങൾ ചെയ്യുകയും പണി എന്ന ചിത്രത്തിലൂടെ മോളിവുഡിൽ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുകയുമായിരുന്നു താരം. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ഭൗമയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
മെക്കാനിക്കൽ എഞ്ചിനീയറിങ്ങും പിജിയും കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുമ്പോഴാണ് എറണാംകുളത്ത് ഒരു ആക്ടിങ് സ്കൂളിൽ ചേർന്നതെന്നും അവിടെ വെച്ച് ഒരു ഓഡിഷനിൽ പങ്കെടുത്തപ്പോൾ അവിടത്തെ അധ്യാപകനാണ് തന്റെയുള്ളിൽ ഒരു നടനുണ്ടെന്ന് ആദ്യമായ് പറഞ്ഞതെന്നും അഭിനയത്തിലേക്ക് എത്തിപെട്ടതിനെക്കുറിച്ചും പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു നടൻ.
‘ജോലിയൊക്കെ പ്രശ്നമാണ്, വേറെ എന്തെങ്കിലും ജോലിക്ക് പോവാൻ അച്ഛൻ പറഞ്ഞു. അങ്ങനെ ഡിപ്രഷനായിട്ട് അഭിനയത്തിലേക്ക് വന്നതാണ് ഞാൻ. അങ്ങനെ എറണാംകുളത്ത് ഒരു സ്കൂളിൽ അഭിനയം പഠിക്കാൻ പോയപ്പോൾ ഇത്രയും നാളായിട്ട് കെട്ടി കിടക്കുന്ന വിഷമങ്ങളൊക്കെ കരഞ്ഞ് അഭിനയിച്ച് തീർത്തപ്പോൾ അവിടത്തെ സാർ പറഞ്ഞു, ‘ഇനി നീ നടനാ’ണെന്ന്. അങ്ങനെയാണ് ഞാൻ നടനായതാണ്.
കുരുതി.Photo:Youtube.com
സ്കൂളിൽ പഠിക്കുന്ന സമയത്ത് സബ്ജില്ലാ, ജില്ലാ കലോത്സവത്തിനൊക്കെ ഒരു എട്ട് പേരൊക്കെയുള്ള ഗ്രൂപ്പിൽ കുഞ്ഞു ഡയലോഗൊക്കെ പറയുന്ന ആളായിട്ട് ഞാൻ അഭിനയിച്ചിരുന്നു. ഒരു കലോത്സവത്തിന് ഞാൻ ഡയലോഗ് മറന്ന് പോയിട്ട് ഞാൻ കാരണം പ്രൈസ് കിട്ടാതെ പോയിട്ടുണ്ട്. ഒറ്റ ഡയലോഗേയുള്ളു എന്നിട്ടും അതുപോലും മറന്ന് പോയ ആളാണ് ഞാൻ. എനിക്ക് പോലും ഇപ്പോൾ മനസിലാവുന്നില്ല എങ്ങനെയാ ഞാൻ ഇവിടെ എത്തിപെട്ടതെന്ന്,’ താരം പറഞ്ഞു.
പിന്നീട് ഡ്രാമ കോഴ്സും ഷോട്ട് ഫിലിംസും ചെയ്തുവെന്നും ജൂനിയർ ആർട്ടിസ്റ്റായി ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തുവെന്നും താരം വ്യക്തമാക്കി. തനിക്ക് വേണ്ടി വീട്ടുകാർ ഒരുപാട് പൈസ ചെലവാക്കിയിട്ടുള്ളതിനാൽ അവരെ നല്ലതു പോലെ നോക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും നടൻ കൂട്ടിച്ചേർത്തു.
‘എനിക്കെന്റെ അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കണം അതിലായിരുന്നു എന്റെ ഹാപ്പിനസ്. ഇത്രയും പൈസ ചെലവാക്കി പഠിപ്പിച്ചിട്ടും പിന്നെയും ‘അച്ഛാ എനിക്കിത് പഠിക്കണം’ എന്ന് പറഞ്ഞപ്പോൾ അപ്പോഴും അച്ഛൻ തന്നെയാണ് എന്നെ സപ്പോർട്ട് ചെയ്തത്.
ഭൗമ.Photo: Youtube.com
അങ്ങനെ ഒരു സമയത്ത് ഇതൊക്കെ നിർത്തി പോവാം, ഇത് ശെരിയാവില്ല, അച്ഛനെയും അമ്മയെയും നോക്കാൻ പറ്റുന്നില്ല എന്നൊക്കെ വിചാരിച്ച് നിൽക്കുമ്പോഴാണ് എനിക്ക് ഓസ്ട്രേലിയക്ക് ഒരു വിസ കിട്ടിയത്. അങ്ങനെ പോവാൻ നിൽക്കുന്ന മൊമെന്റിലാണ് എന്റെയൊരു ഫ്രണ്ട് തട്ടീം മുട്ടീമിന്റെ ഓഡിഷൻ അയക്കുന്നത്.
അങ്ങനെ ഞാനത് അപ്ലൈ ചെയ്തു, അവരെന്നോട് വരാൻ പറഞ്ഞു. ആ സമയത്ത് പോവാനുള്ളൊരു പ്ലാനും ഉണ്ടായിരുന്നില്ല. അന്നെനിക്ക് നല്ല പനിയായിരുന്നു. പക്ഷേ സ്വപ്നത്തിൽ ‘എടാ ഇത് നിന്റെ കരിയറിലെ ടെർണിങ് പോയിന്റാണ്. നീയിത് പോയില്ലെങ്കിൽ പ്രശ്നമാവും’ എന്നിങ്ങനെ തോന്നി. അങ്ങനെ ഞാൻ അച്ഛന്റടുത്ത് ചോദിച്ചു,’അച്ഛാ ഇങ്ങനെയൊരു ഓഡിഷന് വിളിച്ചിട്ടുണ്ട്. ഞാൻ പോണോ’ എന്ന്.
അച്ഛൻ പോയി നോക്കാനും കിട്ടുമെന്നൊക്കെ പറഞ്ഞപ്പോൾ അമ്മ അത് കിട്ടില്ലെന്നൊക്കെ പറഞ്ഞിരുന്നുവെന്നും അങ്ങനെ താൻ ഓഡിഷന് പോവുകയും മൂന്ന് റൗണ്ട് ഓഡിഷന് ശേഷം താൻ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ സെലക്ടഡായെന്ന് പറഞ്ഞു കൊണ്ടുള്ള കാൾ വന്നെന്നും നടൻ വ്യക്തമാക്കി.
Content Highlight: Sagar Surya said that he had turned to acting while battling depression and expressed his pent-up emotions through tears.