| Wednesday, 8th April 2026, 9:01 am

വില്ലനാകാന്‍ എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല; ആ സമയത്ത് മറ്റൊന്നും ചിന്തിച്ചില്ല: സാഗര്‍ സൂര്യ

ഐറിന്‍ മരിയ ആന്റണി

ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം നേടുകയും ചെയ്ത നടനാണ് സാഗര്‍ സൂര്യ. 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് ബ്രേക്ക് ത്രൂവായത് ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ എത്തിയ പണി എന്ന സിനിമയാണ്.

ഒടുവില്‍ പുറത്തിറങ്ങിയ പ്രകമ്പനം എന്ന സിനിമയിലെ പുണ്യാളന്‍ എന്ന കഥാപാത്രവും താരത്തിന് വലിയ ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ സാഗര്‍ സൂര്യ എന്ന പേര് പറയുമ്പോള്‍ പലര്‍ക്കും ഓര്‍മ വരുന്നത് പണിയിലെ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലനെയാണ്.

ഇപ്പോഴിതാ പണിയില്‍ വില്ലന്‍ കഥാപാത്രം ചെയ്യാന്‍ തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും പെര്‍ഫോമന്‍സിന് വലിയ അംഗീകാരം കിട്ടിയിരുന്നുവെന്ന് സാഗര്‍ സൂര്യ പറയുന്നു.

‘വില്ലന്‍ കഥാപാത്രം ചെയ്യാന്‍ എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല. കാരണം ജോജു ചേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്മളെ പോലെയുള്ള വര്‍ക്ക് നല്ലൊരു വേഷം കിട്ടുന്നു. ഒരു നടന് കിട്ടുന്ന ഭാഗ്യമാണത്. അത് പരമാവധി നല്ല രീതിയില്‍ ഉപയോഗിക്കുക. നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കുക എന്നതിലുപരി ആ സമയത്ത് മറ്റൊന്നും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

വലിയ ഒരവസരമായാണ് ആ ചിത്രത്തെ കണ്ടത്. അത്രയും വലിയ പ്രൊഡക്ഷനിലും ടെക്നിക്കല്‍ ക്വാളിറ്റിയിലും ബജറ്റിലും ഇറക്കിയ സിനിമയായിരുന്നു പണി. ഒരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതും ശ്രദ്ധ കിട്ടുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ കഠിനാധ്വാനം ചെയ്താലും ചില സിനിമകള്‍ ആരും ശ്രദ്ധിക്കില്ല,’ സാഗര്‍ സൂര്യ പറയുന്നു.

എന്നാല്‍ പണി എന്ന ചിത്രം എല്ലാ ഭാഷയിലും വലിയ ചര്‍ച്ചയായെന്നും തന്റെയും ജുനൈസിന്റെയും കഥാപാത്രങ്ങള്‍ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചുവെന്നും സാഗര്‍ സൂര്യ പറയുന്നു. തങ്ങള്‍ പറഞ്ഞ പല ഡയലോഗുകളും ആളുകള്‍ക്ക് മനഃപാഠമാണെന്നും തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ജൂറി പരാമര്‍ശം വരെ കിട്ടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും നടന്‍ പറഞ്ഞു.

ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ സിനിമയാണ് പണി. ജോജു ജോര്‍ജ്, സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും അപ്പു പാത്തു പപ്പുവിന്റെ ബാനറില്‍ ജോജു ജോര്‍ജും ചേര്‍ന്നാണ്.

പ്രകമ്പനം സിനിമക്ക് ശേഷം അമീന്‍ സാഗര്‍ സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ ഡെര്‍ബി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Sagar Surya on his villain role in Pani and the recognition he received

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more