തിരക്കേറിയ റോഡുകളില്‍ വലിയ ചരക്ക് ലോറികളെ മറികടക്കുന്നത് എത്ര പ്രയാസകരമാണെന്ന് വാഹനമോടിക്കുന്നവര്‍ക്കെല്ലാം അറിയാം. അപകട മരണങ്ങള്‍ ഏറെ നടക്കുന്ന നമ്മുടെ നാട്ടില്‍ മിക്കതും മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളാണെന്ന് മനസ്സിലാക്കാം. വലിയ ട്രക്കുകള്‍ക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണാനാകാത്തതാണ് ഇതിനി കാരണം.
ഈ പ്രശ്‌നത്തിനു പരിഹാരമായാണ് സാംസങ് എത്തുന്നത്. വലിയ ട്രക്കുകള്‍ക്ക് മുന്നിലുള്ള വാഹനങ്ങളെ പിന്നിലുള്ള വാഹനങ്ങള്‍ക്ക് കാണുന്ന രീതയില്‍ ട്രക്കിനു പിന്നില്‍ ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കിയിരിക്കുകയാണ് സാംസങ്. ട്രക്കിനു മുന്നില്‍ സ്ഥാപിച്ച ക്യാമറ പകര്‍ത്തുന്ന തത്സമയ ദൃശ്യങ്ങളാണ് ഈ സ്‌ക്രീനില്‍ കാണാനാവുക.
പരസ്യകമ്പനിയായ ലിയോ ബര്‍ണെറ്റ്, അര്‍ജന്റീനിയന്‍ കമ്പനിയായ ഇംഗമാറ്റിക്ക എന്നിവയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ സ്വന്തം ചരക്കുലോറികളില്‍ തന്നെയാണ് സാംസങ് സ്ഥാപിച്ചിരിക്കുന്നത്.