| Friday, 5th February 2016, 6:00 am

12ാമത് സാഫ് ഗെയിംസിന് ഗുവാഹത്തിയില്‍ ഇന്ന് തുടക്കമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: 12ാമത് സാഫ് ഗെയിംസിന് ഇന്ന് തിരിതെളിയും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കനത്ത സുരക്ഷയിലായിരിക്കും ഉദ്ഘാടനം.

12 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസില്‍ എട്ട് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നായി 2,500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.

ഗെയിംസ് 2012ല്‍ ന്യൂദല്‍ഹിയില്‍ നടക്കേണ്ടതായിരുന്നു.പക്ഷേ, തലസ്ഥാനത്ത് അസംബ്ലി ഇലക്ഷന്‍ കാരണം നീട്ടിവയ്കുകയായിരുന്നു. ഗെയിംസ് നടത്താന്‍ താമസിച്ചതിനാല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയെ 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ പുറത്താക്കിയിരുന്നു. ഇതിനു മുന്‍പ് ഇന്ത്യയിലെ 1987 ല്‍ കൊല്‍ക്കത്തയും 1995ല്‍ ചെന്നൈയും സാഫ് ഗെയിംസിന് വേദിയായിരുന്നു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക മേളയുണ്ടാകും. ചടങ്ങില്‍ ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളുടെ അവതരണമുണ്ടാകും. കുട്ടികളുടെ ലേസര്‍ലൈറ്റ് ഷോയും മറ്റ് പരിപാടികളും ഉദ്ഘാടനവേദിയില്‍ അരങ്ങേറും.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് ദീപശിഘാ പ്രയാണമുണ്ടായിരിക്കും. മുന്‍ ഒളിമ്പ്യന്മാരടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ദീപശിഘാ പ്രയാണത്തില്‍ പങ്കെടുക്കുക. മാലി ദ്വീപിലെ പ്രതിരോധ മന്ത്രിയും മറ്റ് ആറ് സാര്‍ക്ക് രാജ്യങ്ങളിലെ കായിക മന്ത്രിമാരും ഇന്ത്യയിലെ സ്ഥാനപതിമാരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

Latest Stories

We use cookies to give you the best possible experience. Learn more