| Tuesday, 5th May 2026, 11:19 am

കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ജനകീയ പ്രതികരണം; വെള്ളാപ്പള്ളിക്കെതിരെ സാദിഖലി തങ്ങള്‍

ആദർശ് എം.കെ.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ജനകീയ പ്രതികരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ ഉന്നയിച്ച വര്‍ഗീയ ആരോപണങ്ങള്‍ക്കുള്ള കനത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മന്ത്രിസഭയില്‍ ചോദിക്കാതെ തന്നെ അര്‍ഹമായ പ്രാതിനിധ്യം മുസ്‌ലിം ലീഗിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ മനസിലാക്കാനും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച മികച്ച വിജയം ജനങ്ങള്‍ക്ക് മുന്നണിയിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിം ലീഗ് മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിക്കാന്‍ സാധിച്ചു. മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളും നേടാനായതും, പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും ലീഗിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയില്‍ ഫാത്തിമ തഹ്‌ലിയ നേടിയ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു

ഇടതുപക്ഷ സര്‍ക്കാരിന്റെ തകര്‍ച്ചയെക്കുറിച്ചും ശക്തമായ ഭാഷയിലാണ് തങ്ങള്‍ പ്രതികരിച്ചത്.

പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരമാണ് ഈ പതനത്തിന് കാരണമെന്നും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വരും കാലങ്ങളില്‍ പുതിയ ഊര്‍ജ്ജത്തോടെ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlight: Sadiqali Thangals slams Vellappally Natesan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more