| Sunday, 26th July 2026, 9:25 pm

സര്‍ക്കാരും ലീഗും ഒന്ന് തന്നെയല്ലേ; വഖഫ് ബോര്‍ഡ് വിഷയത്തില്‍ സാദിഖ് അലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെയാണ് ലീഗിനുള്ളതെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെയാണോ ലീഗിന് എന്ന ചോദ്യത്തിന് ‘സര്‍ക്കാരും ലീഗും ഒന്ന് തന്നെയല്ലേ’ എന്ന് അദ്ദേഹം മറുപടി നല്‍കി.

വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുപ്രീം കോടതി തീരുമാനമാണ് ആ വിഷയത്തിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

‘ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ് ഉള്ളത്. സുപ്രീം കോടതിയിലാണ് അതിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനം എന്താണോ അത് തന്നെയാണ് അതിന്റെ തീരുമാനം ,’ സാദിഖ് അലി തങ്ങള്‍ പറഞ്ഞു

ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് അതിന്റെ നയങ്ങളൊക്കെ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഈ കാര്യത്തില്‍ വഖഫ് നിയമം എന്താണോ പറയുന്നത് അത് തന്നെയാണ് അതിന്റെ നിയമം. അതിനപ്പുറത്ത് നമുക്കൊന്നും പറയാനില്ലെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

നേരത്തെ, വഖഫ് വിഷയത്തില്‍ മത സംഘടനകളുടെ ഇടയില്‍ എല്‍.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങള്‍ വെറുതെയാണെന്ന് ലീഗ് നേതാവും മന്ത്രിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

വഖഫ് ബോര്‍ഡില്‍ സഹോദര സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് പാര്‍ലമെന്റില്‍ സ്വീകരിച്ച നയത്തില്‍ നിന്ന് വ്യത്യാസമുള്ള നയം ലീഗോ കോണ്‍ഗ്രസോ അല്ലെങ്കില്‍ യു.ഡി.എഫോ സ്വീകരിച്ചിട്ടില്ലെന്നും ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

‘പിന്നെ കോടതിയില്‍ ഉണ്ടായ സംഭവവികാസങ്ങളാണ്. അത് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചിട്ടുണ്ട്. ഞാന്‍ അതിന്റെ ഡീറ്റെയില്‍സിലേക്ക് പോകുന്നില്ല’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും വഖഫ് ബോര്‍ഡ് സംബന്ധിച്ചുള്ള തീരുമാനം വരുമ്പോഴേ അറിയുകയുള്ളൂ. ആ തീരുമാനം എന്ന് പറയുന്നത് ഞങ്ങളൊക്കെ കൂടി ചര്‍ച്ച ചെയ്ത് പിന്നീട് എടുക്കുന്ന തീരുമാനമാണ്,’ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയപരമായി നേരത്തെയുള്ള നിലപാടില്‍ മാറ്റവില്ല. ബാക്കിയൊക്കെ കോടതിയില്‍ ഉണ്ടാകുന്ന ഓരോ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് ഒക്കെ വരുന്ന ഡിബേറ്റ് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: Sadiq Ali Shihab Thangal on Waqf Issue

Latest Stories

We use cookies to give you the best possible experience. Learn more