| Monday, 19th January 2026, 1:05 pm

കളി ബഹിഷ്‌കരിക്കാന്‍ പോയ ടീമിനെ തിരിച്ചുവിളിച്ച് നേടിക്കൊടുത്ത കിരീടം; ചരിത്ര നേട്ടത്തില്‍ മാനേ

ആദര്‍ശ് എം.കെ.

അതിനാടകീയമായിരുന്നു ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്റെ കരിടപ്പോരാട്ടം. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒറ്റ ഗോളിന്റെ കരുത്തില്‍ മൊറോക്കോയെ പരാജയപ്പെടുത്തി സെനഗല്‍ രണ്ടാം കിരീടമണിയുമ്പോള്‍ നന്ദി പറയേണ്ടത് ഒരാളോട് മാത്രമാണ്, ക്യപ്റ്റന്‍ സാദിയോ മാനേ.

ഒരുവേള കളം വിടാനൊരുങ്ങിയ ടീമിനെ തിരിച്ചുവിളിച്ച് കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയാണ് മാനേ ഫുട്‌ബോള്‍ ലോകത്തിന്റെയൊന്നാകെ കയ്യടി നേടിയത്.

മത്സരത്തിന്റെ 90+5ാം മിനിട്ടില്‍ ഒരു കോര്‍ണര്‍ കിക്ക് പ്രതിരോധിക്കുന്നതിനിടെ എല്‍ ഹാഡ്ജി ഡിയോഫ് മൊറോക്കന്‍ താരം ബ്രാഹിം ഡയസിനെ പിന്നില്‍ നിന്ന് വലിച്ചു. വാര്‍ അവലോകനത്തിന് പിന്നാലെ റഫറി പെനാല്‍റ്റിയും അനുവദിച്ചു.

ഈ തീരുമാനം സെനഗലീസ് ക്യാമ്പില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി. മുഖ്യ പരിശീലകന്‍ പാപെ തിയാവ് ആദ്യം തന്റെ കളിക്കാരോട് പ്രതിഷേധിച്ച് മൈതാനം വിടാന്‍ പോലും നിര്‍ദേശിച്ചു.

ഫൈനല്‍ അലങ്കോലപ്പെടുമോ എന്ന അനിശ്ചിതത്വം തുടരവെ മാനേ ഇടപെട്ട് തന്റെ സഹതാരങ്ങളോട് കളിക്കളത്തിലേക്ക് മടങ്ങാനും മത്സരം തുടരാനും ആവശ്യപ്പെട്ടു. ആ പെനാല്‍ട്ടി ഭീഷണിയെ മഞ്ഞക്കാര്‍ഡ് ലഭിച്ച സാഹചര്യത്തിലും ഗോള്‍ കീപ്പര്‍ മെന്‍ഡി മറികടന്നപ്പോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്കും കടന്നു.

എക്‌സ്ട്രാ ടൈമിന്റെ നാലാം മിനിട്ടില്‍ സെനഗല്‍ ആഫ്‌കോണ്‍ ഫൈനലിലെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഇരുടീമിന്റെയും ഗോള്‍ മുഖം ആക്രമണ ഭീഷണിയിലായെങ്കിലും ഗോള്‍ അകന്നുനിന്നതോടെ സെനഗല്‍ രണ്ടാം കിരീടമുയര്‍ത്തി.

ഫൈനലിലടക്കം മികച്ച പ്രകടനവുമായി തിളങ്ങിയ മാനേ തന്നെയായിരുന്നു ടൂര്‍ണമെന്റിന്റെ താരവും.

സാദിയോ മാനേ ട്രോഫിയുമായി

സെനഗലിനെ കിരീടമണിയിച്ചതോടെ ഒരു എലീറ്റ് ലിസ്റ്റിലും മനാനേ ഇടം നേടി. ഒന്നിലധികം ആഫ്‌കോണ്‍ കിരീടം നേടുന്ന താരങ്ങളുടെ ലിസ്റ്റാണിത്. റോജര്‍ മില്ലയും സാമുവല്‍ ഏറ്റവും ഉള്‍പ്പടെയുള്ള ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് മാനേയും കാലെടുത്ത് വെച്ചിരിക്കുന്നത്.

നാല് തവണ ആഫ്‌കോണ്‍ കിരീടം നേടിയ ഈജിപ്ഷ്യന്‍ ഇതിഹാസങ്ങളായ എസ്സാം ഹരാദിയും അഹമ്മദ് ഹസനുമാണ് ഈ ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍.

ജാക്വസ് സോംഗോ (കാമറൂണ്‍), ഹൊസാം ഹസന്‍ (ഈജിപ്ത്), അബ്ദുല്‍സൊഹെര്‍ എല്‍ സാക (ഈജിപ്ത്), അഹമ്മദ് ഫാത്തി (ഈജിപ്ത്), ഹൊസാം ഹസന്‍ (ഈജിപ്ത്), ഇമാദ് മതേബ് (ഈജിപ്ത്), വെയ്ല്‍ ഗോമ (ഈജിപ്ത്) എന്നിവര്‍ മൂന്ന് തവണ വീതവും ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കിരീടം ശിരസിലണിഞ്ഞിട്ടുണ്ട്.

ഈ കിരീടനേട്ടത്തോടെ തന്റെ ലെഗസി ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനും മാനേയ്ക്ക് സാധിച്ചു. ആഫ്‌കോണിന് പുറമെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, കരബാവോ കപ്പ്, ബുണ്ടസ് ലീഗ കിരീടം, ക്ലബ്ബ് വേള്‍ഡ് കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, രണ്ട് തവണ ഓസ്ട്രിയന്‍ കപ്പ്, രണ്ട് തവണ ഓസ്ട്രിയന്‍ സൂപ്പര്‍ കപ്പ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Sadio Mane enters the elite list of players to win multiple AFCONs

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more