ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരെ സൈബര്‍ ആക്രമണം. പുരുഷന്മാരുടെ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പെയ്നായ ‘മൂവമ്പറിന്റെ’ ഭാഗമായി മംദാനി വളര്‍ത്തിയ മീശയെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ വിവാദം.
സാധാരണയായി താടി വെക്കാറുള്ള മംദാനി, താടി വടിച്ചുമാറ്റി മീശ മാത്രമാക്കിയ പുതിയ ലുക്കില്‍ എത്തിയതോടെയാണ് വലതുപക്ഷ വിമര്‍ശകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.
ന്യൂയോര്‍ക്ക് പൊലീസിന്റെ വിവാദമായ ‘സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പ്’ എന്ന പ്രത്യേക വിഭാഗം പിരിച്ചുവിടുന്നതായി തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിലൂടെ മംദാനി പ്രഖ്യാപിച്ചിരുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനും നിയോഗിച്ചിരുന്ന ഈ വിഭാഗത്തെ പിരിച്ചുവിടാനുള്ള തീരുമാനത്തേക്കാള്‍, വീഡിയോയിലെ മംദാനിയുടെ മീശയാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.
ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായ മംദാനിയുടെ പുതിയ മീശ മുന്‍ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈനെ ഓര്‍മിപ്പിക്കുന്നുവെന്നും, ‘സദ്ദാം ഹുസൈനാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ഭരിക്കുന്നത്’ എന്നും റിയാലിറ്റി ടിവി താരം സ്‌പെന്‍സര്‍ പ്രാറ്റ് ഉള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചു.
പൊലീസിന്റെ പ്രത്യേക വിഭാഗം പിരിച്ചുവിടുന്നതും പുതിയ രൂപമാറ്റവും കൂട്ടിവായിച്ച തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമര്‍, ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് കളമൊരുങ്ങുകയാണെന്നും അമേരിക്കയില്‍ ‘ഇസ്ലാമിക അധിനിവേശം’ നടക്കുകയാണെന്നും ആരോപിച്ചു.
വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും, പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാരുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ആഗോളതലത്തില്‍ നവംബര്‍ മാസത്തില്‍ ആചരിക്കുന്ന ‘മൂവമ്പര്‍’ ക്യാമ്പെയ്നിന്റെ ഭാഗമായാണ് മേയര്‍ മീശ വളര്‍ത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളിലടക്കം പ്രതിഷേധക്കാര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണം നേരിട്ടിരുന്ന എസ്.ആര്‍.ജി വിഭാഗത്തിന് പകരം, സാധാരണക്കാരായ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ‘കമ്മ്യൂണിറ്റി ഡയലോഗ് ആന്‍ഡ് ഡി-എസ്‌കലേഷന്‍ ഡിവിഷന്‍’ രൂപീകരിക്കാനാണ് മംദാനിയുടെ തീരുമാനം.
Content Highlight: ‘Saddam Hussein is now ruling New York’; hate campaign against Mamdani’s moustache