| Monday, 21st September 2026, 11:38 pm

ഇതാദ്യമായാണ് അദ്ദേഹം ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലനാകുന്നത്; പ്രതികരണവുമായി സദഗോപന്‍ രമേശ്

ശ്രീരാഗ് പാറക്കല്‍

മുന്‍ പേസര്‍ സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സദഗോപന്‍ രമേശ്. സഹീര്‍ ഖാന്‍ ഇന്ത്യയുടെ മികച്ച ബൗളര്‍ ആയിരുന്നെങ്കിലും താരത്തിന് മതിയായ പരിശീലന പരിചയമില്ലെന്ന് സദഗോപന്‍ രമേശ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഫ്രാഞ്ചൈസിയുടെ ഉത്തരവാദിത്തം സഹീര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഹീര്‍ മികച്ചൊരു ക്രിക്കറ്ററും മികച്ച ബൗളറുമായിരുന്നു. എന്നാല്‍ 2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സില്‍ പ്രവര്‍ത്തിച്ചതും ഒരു വര്‍ഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായി പ്രവര്‍ത്തിച്ചതും മാത്രമാണ് അദ്ദേഹത്തിനുള്ള പ്രധാന പരിശീലക പരിചയം. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹം ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശാലകമാകുന്നത്. അതിനാല്‍ നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും,’ സദഗോപന്‍ രമേശ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

സഹീർ ഖാൻ. Photo: Akshat/x.com

സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സിലൂടെയാണ് സഹീര്‍ ഖാനെ മുഖ്യ പരിശീലകനാക്കിയ വിവരമറിയിച്ചത്. 18 വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ഓസീസ് ഇതിഹാസം സ്റ്റീഫന്‍ ഫ്ളെമ്മിങ് ചെന്നൈയുടെ പരിശീലകസ്ഥാനം രജിവെച്ചതോടെയാണ് ഫ്രാഞ്ചൈസി സഹീര്‍ ഖാനെ തെരഞ്ഞെടുത്തത്.

കളിക്കാരനെന്ന നിലയില്‍ ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സഹീര്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായി 100 മത്സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിലെ അവസാന മത്സരം 2017ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ചതായിരുന്നു. 2016ലും 2017ലും ദല്‍ഹിയുടെ ക്യാപ്റ്റനായും സഹീര്‍ പ്രവര്‍ത്തിച്ചു.

കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാനേജ്മെന്റ്, മെന്ററിങ് മേഖലകളിലും സഹീര്‍ സജീവമായി. 2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും പിന്നീട് ഹെഡ് ഓഫ് ഗ്ലോബല്‍ ഡെവലപ്മെന്റായും പ്രവര്‍ത്തിച്ചു. 2025ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അദ്ദേഹത്തെ മെന്ററായി നിയമിച്ചു.

Content Highlight: Sadagoppan Ramesh Talking About Zaheer Khan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more