മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് താരവുമായ സൂര്യകുമാര്‍ യാദവിനെക്കുറിച്ച് സംസാരിച്ച് മുന്‍ താരം സദഗോപന്‍ രമേശ്. ഒരു താരമെന്ന നിലയിലും മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലും സൂര്യ തന്റെ കഴിവ് തെളിയിച്ചതാണെന്നും സൂര്യയെ ക്യാപ്റ്റനാക്കിയാല്‍ മുംബൈ ഇന്ത്യന്‍സ് ഏറെ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രമേശ് അഭിപ്രായം പങ്കുവെച്ചത്.
‘ഒരു താരമെന്ന നിലയിലും മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലും സൂര്യ തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. എന്റെ അഭിപ്രായത്തില്‍, ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ സൂര്യയ്ക്ക് തീര്‍ച്ചയായും അവസരം നല്‍കണം. സൂര്യയെ ക്യാപ്റ്റനാക്കിയാല്‍ മുംബൈ ഇന്ത്യന്‍സ് ഏറെ നേട്ടമുണ്ടാക്കും,’ സദഗോപന്‍ രമേശ് പറഞ്ഞു.
സൂര്യകുമാര്‍ യാദവ്. Photo: IndianPremierLeague/x.com
ഐ.പി.എല്ലില്‍ നിലവില്‍ 179 മത്സരത്തിലെ 164 ഇന്നിങ്‌സില്‍ നിന്ന് 4581 റണ്‍സാണ് സൂര്യ നേടിയത്. എന്നാല്‍ 2026ലെ ഐ.പി.എല്ലില്‍ സൂര്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 60* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. 20.77 ആവറേജും 147.54 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യ രേഖപ്പെടുത്തിയത്. സീസണില്‍ വെറും രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 2025ലെ ഏഷ്യാ കപ്പും 2026ലെ ടി-20 ലോകകപ്പും നേടാന്‍ സൂര്യയ്ക്ക് സാധിച്ചു. 45 മത്സരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച സൂര്യ 37 വിജയവും ടീമിന് നേടിക്കൊടുത്തു. ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് സ്‌കൈയുടെ കീഴില്‍ ഇന്ത്യ വഴങ്ങിയത്. ഇത്രയധികം നേട്ടങ്ങള്‍ നേടികൊടുത്തിട്ടും സ്‌കൈയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യരെയാണ് ടി-20യില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.
Content Highlight: Sadagoppan Ramesh Talking About Suryakumar Yadav