ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റിന് നാളെ (ശനി) തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം നടക്കുന്നത്. ഐ.പി.എല്ലിന് ശേഷം ഇന്ത്യ ആദ്യമായി കളത്തിലിറങ്ങുന്ന അന്താരാഷ്ട്ര മത്സരമാണിത്.
എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാനേജ്‌മെന്റ് നീക്കം ചെയ്തിരുന്നു. ഐ.പി.എല്‍ 2026ല്‍ മോശം പ്രകടനം നടത്തിയ പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചിരുന്നു.
ഇപ്പോള്‍ പന്തിനെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തതിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. റിഷബ് പന്തിന്റെ സ്ഥാനം എടുത്തുമാറ്റിയതിന്റെ കാരണം തനിക്ക് മനസിലാകുന്നില്ലെന്നും ഐ.പി.എല്ലിലെ പ്രകടനം നോക്കി അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘റിഷബ് പന്തിന്റെ സ്ഥാനം എടുത്തുമാറ്റിയതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ല. ഐ.പി.എല്ലിലെ പ്രകടനം നോക്കി അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇത്തരമൊരു തീരുമാനം എടുക്കേണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ക്യാപ്റ്റന്‍സിക്കും ബാറ്റിങ്ങിനും ശുഭ്മന്‍ ഗില്ലിന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് പന്തിനും ബാധകമാണ്. എന്തുകൊണ്ടാണ് അവര്‍ പന്തില്‍ നിന്ന് മാറിയതെന്ന് മാനേജ്മെന്റ് വ്യക്തത നല്‍കിയാല്‍ മതി,’ മുന്‍ താരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
2026 ഐ.പി.എല്‍ സീസണില്‍ പന്തിന്റെ കീഴില്‍ പത്താം സ്ഥാനത്തായിരുന്നു ലഖ്നൗ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന്റെ പരാജയമാണ് ലഖ്നൗവിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പന്ത് എല്‍.എസ്.ജി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.
ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍ പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിലൂടെ ശക്തമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് താരം.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍
Content Highlight: Sadagoppan Ramesh Talking About Rishabh Pant