2027ലെ ഐ.പി.എല്‍ സീസണിന് മുമ്പായി ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയില്‍ നിന്ന് ഹര്‍ദിക്കിനെ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ പഞ്ചാബില്‍ നിന്ന് അര്‍ഷ്ദീപ് സിങ്ങിനെയാണ് മുംബൈ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ചത്.
ഇത് മികച്ച കൈമാറ്റമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ഹര്‍ദിക്കിന്റെ തിരിച്ചുവരവിന് ഈ നീക്കം ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ടി-20 നായകനായ ശ്രേയസ് അയ്യര്‍ക്ക് ഹര്‍ദിക്കിന് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹര്‍ദിക് പാണ്ഡ്യ പഞ്ചാബിലേക്കും അര്‍ഷ്ദീപ് സിങ് മുംബൈയിലേക്കും മാറിയിരിക്കുകയാണ്. ഇതൊരു മികച്ച ട്രേഡാണെന്ന് പറയാം. കാരണം ഇരുവരും മികച്ച ക്രിക്കറ്റ് താരങ്ങളാണ്. 18 കോടി രൂപയുടെ ഈ കൈമാറ്റം മുംബൈ ഇന്ത്യന്‍സിനും പഞ്ചാബ് കിങ്‌സിനും ഒരുപോലെ ഗുണകരമാണ്.
പ്രത്യേകിച്ച് ഹര്‍ദിക്കിന് ഈ നീക്കം ഏറെ ഗുണം ചെയ്യും. ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെങ്കിലും പൂര്‍ണ കായികക്ഷമതയോടെ കളിക്കാനായാല്‍ അസാധാരണ മികവുള്ള താരമാണ് അദ്ദേഹം. എന്റെ അഭിപ്രായത്തില്‍ മറ്റൊരു തലത്തില്‍ കളിക്കുന്ന ക്രിക്കറ്റ് താരമാണ് ഹര്‍ദിക്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തോട് എനിക്ക് വലിയ മതിപ്പുണ്ട്. എന്നാല്‍ ഒരു കളിക്കാരനായാണ് അദ്ദേഹം പഞ്ചാബിലെത്തുന്നത് എന്നത് മികച്ച നീക്കമാണ്.
പറഞ്ഞതുപോലെ, ഹര്‍ദിക് പൂര്‍ണ കായികക്ഷമതയോടെ കളിച്ചാല്‍ അത് പഞ്ചാബിന് വലിയ നേട്ടമായിരിക്കും. തന്ത്രപരമായും മികച്ച നീക്കമാണിത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ടി-20 നായകനായ ശ്രേയസ് അയ്യര്‍ ഹര്‍ദിക്കിന് ശക്തമായ പിന്തുണ നല്‍കുകയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കുകയും ചെയ്യും,’ സദഗോപന്‍ രമേശ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
18 കോടിയാണ് ഹര്‍ദിക്കിനും അര്‍ഷ്ദീപിനും ഫ്രാഞ്ചൈസികള്‍ വിലയിട്ടത്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ 2015ല്‍ അരങ്ങേറിയ ഹര്‍ദിക് 162 മത്സരങ്ങളില്‍ നിന്നും 2955 റണ്‍സാണ് നേടിയിട്ടുള്ളത്. 10 അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങില്‍ 82 വിക്കറ്റുകളാണ് ഹര്‍ദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി. അതേസമയം അര്‍ഷ്ദീപ് സിങ് ഐ.പി.എല്ലിലെ 96 മത്സരത്തില്‍ നിന്ന് 111 വിക്കറ്റുകളാണ് നേടിയത്. പഞ്ചാബിന്റെ മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു അര്‍ഷ്ദീപ്.
Content Highlight: Sadagoppan Ramesh Talking About Hardik Pandya’s Move From Panjab