സമീപകാല ക്രിക്കറ്റില്‍ പിച്ചുകളും നിയമങ്ങളും ബാറ്റര്‍മാരെ മാത്രം തുണയ്ക്കുന്ന രീതിയിലേക്ക് മാറുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സദഗോപന്‍ രമേശ്. ക്രിക്കറ്റിലെ ഈ പ്രവണത കളിക്ക് ആരോഗ്യകരമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ 225 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ഇന്ത്യ വിജയകരമായി മറികടന്നതിന് പിന്നാലെയാണ് ഈ പ്രതികരണം.
സദഗോപന്‍ രമേശ്
അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ 400ലധികം റണ്‍സ് വിജയലക്ഷ്യങ്ങള്‍ അനായാസം പിന്തുടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായതിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘അടുത്തിടെ ഏകദിനത്തില്‍ 400ലധികം റണ്‍സ് വിജയലക്ഷ്യങ്ങള്‍ രണ്ടുതവണ പിന്തുടര്‍ന്ന് വിജയിക്കുന്നത് നാം കണ്ടു. എത്രയാണ് ഇതിനൊക്കെ ഒരു പരിധി? ഇന്ത്യ വെറും 42 ഓവറിലാണ് 400ല്‍ അധികം റണ്‍സ് അടിച്ചുകയറ്റിയത്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും അനാരോഗ്യകരമായ ഒരു പ്രവണതയാണ്.
വരുംതലമുറയിലെ കുട്ടികള്‍ ബാറ്റിങ്ങിന് മാത്രം പ്രാധാന്യം നല്‍കുകയും ബൗളിങ്ങിനെ ഒരു രണ്ടാംകിട ജോലിയായി കാണാന്‍ തുടങ്ങുകയും ചെയ്യും. ആരും ബുംറയോ സ്റ്റാര്‍ക്കോ ആകാന്‍ ആഗ്രഹിക്കില്ല,’ അദ്ദേഹം പറഞ്ഞു.
ബാറ്റര്‍മാരെ മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കുന്ന പിച്ചുകളും നിയമങ്ങളും മത്സരത്തിന്റെ ആവേശത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പിച്ചുകളും നിയമങ്ങളും പൂര്‍ണമായും ബാറ്റര്‍മാരെ തുണയ്ക്കുന്ന രീതിയിലാണ്. മുന്‍കാലങ്ങളില്‍ ഒരു കുട്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആകാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റൊരു കുട്ടി ഷെയ്ന്‍ വോണ്‍ ആകാന്‍ ആഗ്രഹിക്കുമായിരുന്നു. കാരണം അന്ന് ബാറ്റും പന്തും തമ്മില്‍ തുല്യമായ പോരാട്ടമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് മാത്രമെ നിലനില്‍പ്പുള്ളൂ. കൂടുതല്‍ ബൗണ്ടറികളും സിക്‌സറുകളും അടിക്കുന്നത് ആരാണ് എന്ന മത്സരമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നത്,’ മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമേറ്റ പരമ്പര തോല്‍വികള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ഈ വിജയം ശ്രേയസ് അയ്യര്‍ക്കും ഇന്ത്യന്‍ ടീമിനും ഒരുപോലെ നിര്‍ണായകമാണെന്നും സദഗോപന്‍ രമേഷ് വിലയിരുത്തി.
Content Highlight: Sadagoppan Ramesh has voiced sharp criticism against the trend in cricket where pitches and rules favor only the batters.