| Tuesday, 21st July 2026, 12:03 pm

ഇന്ത്യ ഗുരുതരമായ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്; തുറന്നടിച്ച് സദഗോപന്‍ രമേശ്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം സദഗോപന്‍ രമേശ്. ടീമില്‍ ബുംറയില്ലാത്ത സാഹചര്യത്തില്‍ പോലും കുല്‍ദീപ് യാദവിന് അവസരം നല്‍കാത്തത് എന്ത് യുക്തിയാണെന്ന് അദ്ദഹം ചോദിച്ചു. ഇന്ത്യന്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇംഗ്ലണ്ടും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നു. പിച്ചും വരണ്ടതായിരുന്നു. എന്നിട്ടും ബുംറ ഇല്ലാത്ത സാഹചര്യത്തില്‍ പോലും കുല്‍ദീപ് യാദവിന് ഈ ബൗളിങ് നിരയില്‍ ഇടം നല്‍കാത്തത് എന്ത് യുക്തിയാണ്? ടീം തെരഞ്ഞെടുപ്പിലും പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതിലും ഈ മാനേജ്‌മെന്റ് തുടര്‍ച്ചയായി ഗുരുതരമായ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്,’ സദഗോപന്‍ രമേശ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയെങ്കിലും സീരീസ് ഡിസൈഡറില്‍ സെഞ്ച്വറി നേടിയായിരുന്നു രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

ലോര്‍ഡ്സിലെ ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Content Highlight: Sadagoppan Ramesh Criticize Indian Cricket Management

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more