റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിദാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ശ്രേയസ് അയ്യരെ ഐ.പി.എല്‍ മികവുകൊണ്ടാണ് ഇന്ത്യന്‍ ടി – 20 ക്യാപ്റ്റനാക്കിയതെന്നും ആര്‍.സി.ബിയെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ രജത് പാടിദാറിനെ താരമായെങ്കിലും പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
പാടിദാറിനെ ഇന്ത്യ എ യുടെ ക്യാപ്റ്റനായെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു സദഗോപന്‍ രമേശ്.
‘ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രേയസ് അയ്യരെ ടി – 20 ടീം ക്യാപ്റ്റനാക്കിയത്. എന്നാല്‍, നിലവില്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ നിന്ന് ഒരാള്‍ പോലും ടി – 20 ടീമിലില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.
രജത് പാടിദാറിനെ ടി – 20 താരമായെങ്കിലും പരിഗണിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. അതിന് സാധിക്കുന്നില്ലെങ്കില്‍, കുറഞ്ഞത് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായെങ്കിലും അവനെ പരിഗണിക്കണം,’ സദഗോപന്‍ രമേശ് പറഞ്ഞു.
രജത് പടിദാർ. Photo: iplt20.com
2025ല്‍ ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത അതേ വര്‍ഷം തന്നെ ടീമിന് കന്നി ഐ.പി.എല്‍ കിരീടം സമ്മാനിച്ചിരുന്നു. ഈ സീസണില്‍ താരം കപ്പ് നിലനിര്‍ത്തി തുടര്‍ച്ചയായ സീസണുകളില്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായും മാറി.
കൂടാതെ, ഐ.പി.എല്‍ 2026ല്‍ രജത് ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു. 15 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത താരം 501 റണ്‍സ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിന് ഇന്ത്യന്‍ ടി – 20 ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.
അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരകള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ രജതിനെ പരിഗണിച്ചില്ല. കിരീടം നേടിയിട്ടും ആര്‍.സി.ബിയില്‍ നിന്ന് ഒരു താരത്തെയും ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlight: Sadagopan Ramesh questioned the exclusion of Rajat Patidar from Indian T20I squad stating Shreyas Iyer became captain based on IPL form