| Saturday, 11th July 2026, 6:27 pm

ഇന്ത്യന്‍ ടീമില്‍ വ്യത്യസ്ത താരങ്ങള്‍ക്ക് വ്യത്യസ്ത അളവുകോല്‍: സദഗോപന്‍ രമേശ്

ഫസീഹ പി.സി.

ഹര്‍ഷിത് റാണയുടെ ഇഞ്ചുറി മാനേജ്‌മെന്റില്‍ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. സര്‍ജറിക്ക് ശേഷം പൂര്‍ണമായും ഫിറ്റ്‌നസ് തെളിയിക്കാതെ ഹര്‍ഷിത് റാണയെ എങ്ങനെയാണ് നേരിട്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

ഹര്‍ഷിത് നൂറു ശതമാനം ഫിറ്റ്‌നസോടെയല്ല ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് എന്നത് വ്യക്തമാണെന്നും വിവിധ താരങ്ങള്‍ക്ക് വ്യത്യസ്ത അളവുകോലുകളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സദഗോപന്‍ രമേശ്.

‘സര്‍ജറിക്ക് ശേഷം പൂര്‍ണമായും ഫിറ്റ്‌നസ് തെളിയിക്കാതെ ഹര്‍ഷിത് റാണയെ എങ്ങനെയാണ് നേരിട്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്? കാല്‍മുട്ടിനേറ്റ ശസ്ത്രക്രിയയില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചില്ലെങ്കില്‍, അത് പിന്നീട് ഹാംസ്ട്രിങ്ങിലോ തുടയിലോ ഉള്ള പരിക്കിലേക്ക് നയിക്കും.

ഹര്‍ഷിത് റാണയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. അവന്‍ നൂറു ശതമാനം ഫിറ്റ്‌നസോടെയല്ല ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് എന്നത് വ്യക്തമാണ്. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത അളവുകോലുകളാണ് ഇവിടെയുള്ളതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ഈ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് വീണ്ടും മികച്ച ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ,’ സദഗോപന്‍ രമേശ് പറഞ്ഞു.

ടി – 20 ലോകകപ്പിന് മുന്നോടിയായാണ് ഹര്‍ഷിത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ താരത്തിന് ലോകകപ്പും ഐ.പി.എല്ലും നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലൂടെയാണ് പേസര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

എന്നാല്‍, ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി – 20ക്കിടെ താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയും നേരിടേണ്ടി വന്നു. ഇതോടെ നാലാം മത്സരം നഷ്ടമായ താരത്തിന് അഞ്ചാം ടി – 20യിലും കളത്തിലിറങ്ങാനാവില്ല.

Content Highlight: Sadagopan Ramesh criticizes Indian team management for Harshit Rana injury management

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more