| Thursday, 27th November 2025, 2:18 pm

നിങ്ങള്‍ക്കല്ലേ അനുഭവസമ്പത്തുള്ള താരങ്ങളെ വേണ്ടാതിരുന്നത്? ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലേത് ഒരു യുവ ടീമാണെന്നാണ് ഗൗതം ഗംഭീര്‍ സ്ഥിരം പറയുന്നതെന്നും എന്നാല്‍ പരിശീലകന്‍ തന്നെയാണ് അനുഭവപരിചയമുള്ളവരെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പറയുമ്പോഴും ഗംഭീറിനും അജിത് അഗാര്‍ക്കറിനും ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകനായോ സെലക്ടറേയോ പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗംഭീറിന് നിന്ന് വ്യത്യസ്തമായി രാഹുല്‍ ദ്രാവിഡ് തോല്‍വിയില്‍ എല്ലാ കുറ്റവും ഏറ്റെടുക്കുമായിരുന്നുവെന്നും അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സദഗോപന്‍ രമേശ്.

സദഗോപൻ രമേശ്

‘ടീമിലെടുക്കാന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പോലുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷേ ഗംഭീര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. അഗാര്‍ക്കറും (അജിത് അഗാര്‍ക്കര്‍) ഇതുവരെ ഒരു സ്റ്റേറ്റ് ടീമിന്റെ പോലും സെലക്ടറായിരുന്നില്ല. നിങ്ങള്‍ക്ക് ഒരു ലോജിക്കും മറ്റുള്ളവര്‍ക്ക് മറ്റൊന്നുമാണ്.

അവസാന മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇതൊരു യുവ ടീമാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. പക്ഷേ, നിങ്ങള്‍ക്കായിരുന്നു അനുഭവപരിചയമുള്ള താരങ്ങളെ വേണ്ടാതിരുന്നത്. അവരെ സമ്മര്‍ദത്തിലാക്കിയതും നിങ്ങളാണ്.

വാര്‍ത്ത സമ്മേളനത്തില്‍ താനടക്കമുള്ള എല്ലാവരും കുറ്റക്കാരാണെന്നും ഗംഭീര്‍ പറഞ്ഞു. അവിടെയാണ് രാഹുല്‍ ദ്രാവിഡും നിങ്ങളും തമ്മിലുള്ള വ്യതാസം. അദ്ദേഹം എപ്പോഴും എല്ലാ കുറ്റവും തനിക്കായിരിക്കണമെന്നും പ്രശംസയെല്ലാം ടീമിനായിരിക്കണമെന്നുമാണ് പറയാറുള്ളത്,’ സദഗോപന്‍ രമേശ് പറഞ്ഞു.

ഗൗതം ഗംഭീർ

കഴിഞ്ഞ ദിവസമാണ് 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി പ്രോട്ടിയാസിനോട് ഇന്ത്യ പരമ്പര കൈവിട്ടത്. മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോല്‍വിയില്‍ താനടക്കമുള്ള എല്ലാവരും കുറ്റക്കാരാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു.

ഒപ്പം ഇതൊരു യുവടീമാണെന്നും അവര്‍ക്ക് മികവിലേക്ക് ഉയരാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സദഗോപന്‍ രമേശിന്റെ വിമര്‍ശനം.

Content Highlight: Sadagopan Ramesh criticizes Gautam Gambhir saying he is the one who didn’t want the experienced players

We use cookies to give you the best possible experience. Learn more