| Sunday, 18th January 2015, 11:01 am

ടാറ്റ കണ്‍സണ്‍ട്ടന്‍സിയിലെ പിരിച്ചുവിട്ട ടെക്കികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: മനപ്പൂര്‍വ്വമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലൂടെ യാതൊരു പുരോഗതിയുമില്ലാത്ത സ്ഥിതിവിശേഷമാണ് ടാറ്റ കണ്‍സണ്‍ട്ടന്‍സി പോലുള്ള  കമ്പനികള്‍ സൃഷ്ടിക്കുന്നതെന്ന് ടെക്കികള്‍. മോശം പ്രകടനം എന്ന് പറഞ്ഞാണ് തങ്ങളെ പിരിട്ടുവിടുന്നത് എന്നതിനാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്ന കാര്യം പ്രയാസമാണെന്നും ടെക്കികള്‍ പറയുന്നു.

വിവേക് (യഥാര്‍ത്ഥ പേരല്ല), ഇങ്ങനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഒരു ജീവനക്കാരനാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളില്‍ “മോശം  പ്രകടനം”  എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്തതിനാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നില്ലെന്നാണ് വിവേക് പറയുന്നത്.

” ഞങ്ങളെ പിരിച്ചുവിട്ടുവെന്ന് മാത്രമല്ല ഞങ്ങളുടെ യോഗ്യത കൂടിയാണ് അവര്‍ ഇല്ലാതാക്കിയിരിക്കുന്നത്. ഇത് വലിയ നഷ്ടമാണ്.” അദ്ദേഹം പറഞ്ഞു. വിവേകിനെപ്പേലെ ടാറ്റ കണ്‍സണ്‍ട്ടന്‍സിയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട നിരവധിയാളുകളാണ് ഉള്ളത്. ഇത് വലിയ അപകടാവസ്ഥയാണ് ഇവര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്.  ഈ അവസ്ഥയ്‌ക്കെതിരെ കമ്പനിയിലെ ജീവനക്കാര്‍  ശനിയാഴ്ച പരസ്യമായി രംഗത്ത് വരികയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ഐ.ടി.ഇ.സി എന്ന തൊഴിലാളി സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ടൗണ്‍ ഹാളിന് മുമ്പിലായിരുന്നു ടെക്കികളുടെ പ്രതിഷേധം. ടി.സി.എസ് സി.ഇ.ഒ എന്‍. ചന്ദ്രശേഖരന്റെ മുഖംമൂടി ധരിച്ചാണ് ടെക്കികള്‍ പ്രതിഷേധം നടത്തിയതെന്നുള്ളത് ശ്രദ്ധേയമായി.

“ഐ.ടി ജീവനക്കാരുടെ സംഘടനയായ എഫ്.ഐ.ഇ.ടി വഴിയാണ് ഞാന്‍ ഈ പ്രതിഷേധത്തെക്കുറിച്ച് അറിയുന്നത്. ടി.സി.എസിനെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് എനിക്കുള്ളത് കാരണം ഒരിക്കലും നീതീകരിക്കാനാവാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. ന്യായീകരണമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കാനാണ് അവര്‍ ശ്രമിക്കുന്നത്.” ജോലി നഷ്ടപ്പെട്ട മനോജ് കുമാര്‍ എന്ന ജീവനക്കാരന്‍ പറഞ്ഞു.

ടി.സി.എസിലെ അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാനത്ത് നിന്നാണ് മനോജ് രാജിവച്ചിരിക്കുന്നത്. കമ്പനിയില്‍ ജോബ് സെക്യൂരിറ്റി ഉണ്ടെന്നും ജീവനക്കാരെ നന്നായി പരിഗണിക്കുമെന്നും കരുതിയാണ് അവിടെ ജോലിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. 12 വര്‍ഷം ടി.എന്‍സിയില്‍ ജോലി ചെയ്തയാളാണ് മനോജ്. പറഞ്ഞ സമയത്ത് പ്രൊജക്ട് സമര്‍പ്പിച്ചില്ല എന്നുപറഞ്ഞാണ് അദ്ദേഹത്തെ പുറത്താക്കിയത്.

തന്നെ മാത്രമല്ല കമ്പനിയില്‍ 12 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ജോലി ചെയ്ത സഹപ്രവര്‍ത്തകരെയും മോശം പ്രകടനം എന്ന് പറഞ്ഞ് പുറത്താക്കിയിട്ടുണ്ടെന്നും മനോജ് വ്യക്തമാക്കി.

മറ്റൊരു ജോലി ലഭിക്കില്ലേ എന്ന പേടികൊണ്ടാവും കൂടുതല്‍ തൊഴിലാളികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പ്രതിഷധക്കാര്‍ പറഞ്ഞു. കോ-ഓപ്പറേറ്റ് ലോകത്ത് അവകാശങ്ങള്‍ ചോദിക്കാനും പരസ്യമായി പ്രതിഷേധിക്കാനും ആരും തയ്യാറാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

കമ്പനിയുടെ ഈ നടപടിക്കെതിരെ കോടതി സമീപിക്കാനൊരുങ്ങുകയാണ് ഐ.ടി.ഇ.സി. ജോലി നഷ്ടപ്പെട്ടവര്‍ മുന്നോട്ട് വന്ന് നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിങ്ങളുടെ ഭാവിയെക്കുറിച്ചാലോചിച്ച് പേടിക്കേണ്ടതില്ലെന്നും സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more