| Saturday, 18th January 2025, 8:51 am

വെറുതെയങ്ങ് സംഭവിച്ചതല്ല, കഴിവുകൊണ്ട് നേടിയെടുത്തതാണ്; ഫൈനലിന് മുമ്പ് ദൈവം പോലും കയ്യടിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ വിദര്‍ഭ നായകന്‍ കരുണ്‍ നായരിനെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എക്‌സ്ട്രാ ഓര്‍ഡനറി എന്നാണ് ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കരുണ്‍ നായരിനെ സച്ചിന്‍ വിശേഷിപ്പിച്ചത്. ഇതൊന്നും വെറുതെ സംഭവിച്ചതല്ല എന്നും കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണെന്നും സച്ചിന്‍ പ്രശംസിച്ചു.

സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സച്ചിന്‍ കരുണ്‍ നായരിനെ അഭിനന്ദിച്ചത്.

‘ഏഴ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയുള്‍പ്പടെ 752 റണ്‍സ് നേടുക, ഇതിനെ എക്‌സ്ട്രാ ഓര്‍ഡനറി എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. ഇതുപോലുള്ള പ്രകടനങ്ങള്‍ വെറുതെയങ്ങ് ഉണ്ടാകുന്നതല്ല, കഠിനാധ്വാനത്തിലൂടെ മാത്രം പിറവിയെടുക്കുന്നതാണ്. ലഭിക്കുന്ന ഓരോ അവസരങ്ങളും മികച്ച രീതിയില്‍ വിനിയോഗിച്ച് ശക്തമായി മുമ്പോട്ട് പോവുക,’ എന്നാണ് കരുണ്‍ നായരിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് സച്ചിന്‍ കുറിച്ചത്.

ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് ഇന്നിങ്‌സില്‍ ആകെ ഒരിക്കല്‍ മാത്രമാണ് കരുണ്‍ നായര്‍ പുറത്തായത്. ഇക്കാരണം കൊണ്ടുതന്നെ സീസണില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി 752.00 ആയി തുടരുകയാണ്.

ഉത്തര്‍പ്രദേശിന് മാത്രമാണ് ഇത്തവണ വിദര്‍ഭ നായകന്റെ വിക്കറ്റ് നേടാന്‍ സാധിച്ചത്. എന്നാല്‍ പുറത്താകും മുമ്പേ സെഞ്ച്വറി നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കരുണ്‍ ശ്രദ്ധിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സ് താരം അടിച്ചെടുത്തു. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി.

രാജസ്ഥാനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 88 പന്ത് നേരിട്ട താരം പുറത്താകാതെ 122 റണ്‍സാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്.

സെമി ഫൈനലില്‍ മഹാരാഷ്ട്രയെ ആയിരുന്നു കരുണ്‍ നായരിനും വിദര്‍ഭയ്ക്കും നേരിടാനുണ്ടായിരുന്നത്. 69 റണ്‍സിന് വിദര്‍ഭ വിജയിച്ച മത്സരത്തില്‍ 200.00 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 88 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വിദര്‍ഭ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പടെ 24 റണ്‍സും താരം അടിച്ചെടുത്തിരുന്നു.

വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കിയിട്ടും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ കരുണ്‍ നായര്‍ വിസ്മൃതിയിലേക്ക് ആണ്ടുപോവുകയായിരുന്നു.

എന്നാല്‍ ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഓരോ തവണയും ആരാധകര്‍ക്ക് വേണ്ടത് നല്‍കി. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് കരുണ്‍ നായരിന് മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു.

അതേസമയം, ടൂര്‍ണമെന്റില്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുകയാണ് കരുണ്‍ നായര്‍. വഡോദര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തന്റെ മുന്‍ ടീമായ കര്‍ണാടകയെയാണ് കരുണിന് നേരിടാനുള്ളത്.

കര്‍ണാടകയുടെ കളിത്തട്ടകത്തില്‍ കളിച്ചാണ് കരുണ്‍ നായര്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. കര്‍ണാടക അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കളിച്ച കരുണ്‍ നായര്‍ ആഭ്യന്തര തലത്തില്‍ സ്റ്റേറ്റ് ടീമിനായും കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കരുണ്‍ നായര്‍ സാന്നിധ്യമായിരുന്നു.

നേരത്തെ കര്‍ണാടകയ്ക്കൊപ്പം വിജയ് ഹസാരെ കിരീടവും കരുണ്‍ നായര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2022ല്‍ താരം കര്‍ണാടക ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.

Content Highlight: Sachin Tendulkar praises Karun Nair

We use cookies to give you the best possible experience. Learn more