മുംബൈ വാംഖാഡെ സ്റ്റേഡിയത്തില്‍ ഇന്ന് കായിക പ്രേമികളെ വരവേറ്റത് ഒരു അസുലഭ നിമിഷമാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും ഒരുപോലെ സന്തോഷം നല്‍കിയ കാഴ്ചയാണ് ഇവിടെ അരങ്ങേറിയത്. മറ്റൊന്നുമില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോക ഫുടബോളിലെ അതികായനായ ലയണല്‍ മെസിയും ഒരേ വേദിയില്‍ എത്തിയതാണിത്.
ഇരുവരെയും ഒരേ ഫ്രെയിമില്‍ ആരാധകര്‍ക്ക് നേരിട്ട് കണ്‍നിറയെ കാണാന്‍ സാധിച്ചു. ഇരുവരുടെയും ജേഴ്‌സി നമ്പര്‍ പത്താണ് എന്നതാണ് ഈ കൂടിക്കാഴ്ചയ്ക്ക് മാറ്റ് കൂട്ടുന്നത്. മെസിയുടെ ‘ഗോട്ട് ടൂര്‍ 2025’ന്റെ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
Photo: Johns/x.com
പരിപാടിയില്‍ സച്ചിന്‍ തന്റെ പത്താം നമ്പര്‍ ഏകദിന ജേഴ്‌സി മെസിയ്ക്ക് കൈമാറുകയും ചെയ്തു. ഈ നിമിഷത്തെ ആരാധകര്‍ വലിയ കരഘോഷത്തോടെയാണ് വരവേറ്റത്. പിന്നാലെ ടെന്‍ഡുല്‍ക്കര്‍ മെസിക്കൊപ്പം എത്തിയ ലൂയിസ് സുവാരസിനൊപ്പവും റോഡ്രിഗോ ഡി പോളിനൊപ്പവും ഫോട്ടോ എടുക്കകയും ചെയ്തു.
സച്ചിന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഫിഫ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ട്രയോണ്ട പ്രോയുമായാണ്. ഇന്ത്യന്‍ പതാകയുമായുമാണ് മെസി പോസ് ചെയ്തത് .
നേരത്തെ, ഇന്ത്യന്‍ ഫൂട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയും ഈ പരിപാടിയില്‍ എത്തിയിരുന്നു. മെസിയുടെ പത്താം നമ്പര്‍ ബാഴ്സലോണ ജേഴ്‌സി അണിഞ്ഞാണ് താരം അര്‍ജന്റൈന്‍ ഇതിഹാസത്തെ കാണാനെത്തിയത്.
കൊല്‍ക്കത്തയും ഹൈദരാബാദും സന്ദര്‍ശിച്ചതിന് ശേഷമാണ് മെസിയും സംഘവും മുംബൈയില്‍ എത്തിയത്. കൊല്‍ക്കത്തയില്‍ തന്റെ 70 അടി ഉയരമുള്ള പ്രതിമ താരം കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തിരുന്നു.
എന്നാല്‍, മെസി പങ്കെടുത്ത കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തിലെ പരിപാടി വളരെ സംഘര്‍ഷഭരിതമായിരുന്നു. മെസിയെ കാണാന്‍ സാധിച്ചില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറുകയും സ്റ്റേഡിയത്തിലെ സീറ്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Sachin Tendulkar and Lionel Messi meet at Mumbai Wankhade Stadium