| Wednesday, 13th July 2016, 10:39 am

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിജയം നേടാന്‍ ഇന്ത്യന്‍ ടീമിന് കുംബ്ലെയുടെ സാന്നിധ്യം കൊണ്ടാകുമെന്ന് സച്ചിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വലിയ മല്‍സരങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിജയം നേടുന്നതിന് ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ സാധിക്കുന്ന മികച്ച പരിശീലകനാണ് അനില്‍ കുംബ്ലെയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അനില്‍ വളരെ മികച്ച താരമാണ്. മൈതാനത്ത് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത യഥാര്‍ഥ പോരാളി. എല്ലാനിമിഷവും വിജയമുറപ്പിക്കാന്‍ അഹോരാത്രം അധ്വാനിക്കുന്ന ആളുമാണ് അദ്ദേഹമെന്നും സച്ചിന്‍ പറഞ്ഞു.

20 വര്‍ഷത്തിലധികം നീണ്ട തന്റെ കരിയറില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ യുവതാരങ്ങള്‍ക്ക് ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അനിലാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ ഉള്‍പ്പെട്ട ബി.സി.സി.ഐ ഉപദേശക സമിതിയാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തെരെഞ്ഞെടുത്തത്. കുംബ്ലെയുടെ തെരെഞ്ഞെടുപ്പിനുശേഷം ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
എല്ലാ മല്‍സരങ്ങളിലും തന്നെ വലിയസമ്മര്‍ദ്ദം നിറഞ്ഞ നിര്‍ണായക നിമിഷങ്ങളുണ്ടാകും. ഇത്തരം നിമിഷങ്ങളെ നാം എങ്ങനെ സമീപിക്കുന്നുവെന്നതാണ് പ്രധാനം. ഒരുപാട് കാര്യങ്ങള്‍ നാം മനസില്‍ കരുതിയാലും അത് എങ്ങനെ നടപ്പാക്കുന്നുവെന്നാണ് പ്രധാനമെന്നും സച്ചിന്‍ പറഞ്ഞു. അതുപോലെ, മല്‍സരങ്ങളാകുമ്പോള്‍ പരാജയങ്ങളെയും നാം നേരിടേണ്ടിവരും. ഒട്ടേറെ കാര്യങ്ങള് പഠിച്ചാലും ചില ദിവസങ്ങളില്‍ അതൊന്നും നമ്മുടെ രക്ഷയ്‌ക്കെത്തില്ല. ഇത്തരം നിമിഷങ്ങളിലും നിശ്ചയദാര്‍ഢ്യം കൈവിടാതെ അടുത്ത ദിവസം കൂടുതല്‍ ശക്തിയോടെ പൊരുതുകയാണ് വേണ്ടതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഓരോ ദിവസവും പുതിയ ദിവസമാണ്, പുതിയ തുടക്കമാണ്. എനിക്കു തോന്നുന്നു ഇക്കാര്യമാകും അനില്‍ ടീമിനെ ആദ്യം പഠിപ്പിക്കുക. കുംബ്ലെയ്‌ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ വളരെ മനോഹരമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഒരു ബോളര്‍ക്ക് എങ്ങനെ മല്‍സരങ്ങള്‍ വിജയിപ്പിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു കുംബ്ലെ. യുവതാരങ്ങളോട് എനിക്കു പറയുവാനുള്ളത് ഇതാണ്. കുംബ്ലെയില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ പഠിക്കുക. ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുക. മല്‍സരങ്ങളാണെങ്കിലും അതിന്റെ സ്പിരിറ്റിലെടുത്ത് പോരാടുക സച്ചിന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more